
തിരുവനന്തപുരം: കുട്ടികളിലെ മാനസിക സമ്മര്‍ദം ലഘൂകരിക്കാനും അവരെ ചിരിപ്പിക്കാനും കേരള പൊലീസ് ആരംഭിച്ച ‘ചിരി’ ഹെല്‍പ് ലൈന്‍ ജനപ്രിയമാകുന്നു. പദ്ധതി ആരംഭിച്ച് ഒരു വര്‍ഷത്തിനിടെ 31,084പേര്‍ സേവനം പ്രയോജനപ്പെടുത്തി എന്നാണ് കണക്ക്. കോവിഡ് വ്യാപനത്തെ തുടർന്ന് വീട്ടില്‍ തുടരാന്‍ നിര്‍ബന്ധിതരായ കുട്ടികള്‍ക്ക് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്.

2021 ജൂലൈ 12 മുതല്‍ 2022 ജൂലൈ 28 വരെയുള്ള കാലയളവില്‍ കൂടുതല്‍ കാളുകള്‍ മലപ്പുറത്ത് നിന്നാണ്. 2817 പേരാണ് ഇവിടെ നിന്ന് ഹെല്‍പ് ലൈനില്‍ ബന്ധപ്പെട്ടത്. കേരളത്തിന് പുറത്തു നിന്ന് 294 പേരും ചിരി ഹെല്‍പ് ലൈനെ സമീപിച്ചു. കോവിഡ് സമയത്തെ ഓണ്‍ലൈന്‍ പഠനത്തിന്‍റെ ബുദ്ധിമുട്ടുകള്‍, കൂട്ടുകാരെ കാണാനും സംസാരിക്കാനും കളിക്കാനും കഴിയാത്തതിന്‍റെ വിഷമം, കുടുംബവഴക്ക്, പഠന പകരണങ്ങളുടെ ലഭ്യതക്കുറവ് എന്നിവയാണ് പ്രധാനമായും കുട്ടികള്‍ കാള്‍ സെന്‍ററുമായി പങ്കുവെച്ചത്.

മൊബൈല്‍ ഫോണിന്‍റെ അമിതമായ ഉപയോഗം, കുട്ടികളുടെ ആത്മഹത്യ ഭീഷണി എന്നിവക്ക് പരിഹാരം തേടിയായിരുന്നു മാതാപിതാക്കളുടെ കോളുകളില്‍ അധികവും. ഗുരുതരമായ മാനസിക പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി വിളിച്ചവരും ഇക്കൂട്ടത്തിലുണ്ട്. അവര്‍ക്ക് മനഃശാസ്ത്ര വിദഗ്ധരുടെ സേവനവും ലഭ്യമാക്കി. ‘ചിരി’യുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് കുട്ടികള്‍ക്ക് പുറമേ, അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ബന്ധപ്പെടാം.
