
ലക്നൗ: ഉത്തർപ്രദേശിലെ ലഖിംപൂർഖേരിയിൽ പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാരെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കി. 15, 17 വയസ്സുള്ള സഹോദരിമാരാണ് മരിച്ചത്. ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ബൈക്കിലെത്തിയ ചെറുപ്പക്കാരാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് കുടുംബം ആരോപിച്ചെങ്കിലും പൊലീസ് ആദ്യം നിഷേധിച്ചു.

പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകൾ ഇല്ലെന്നായിരുന്നു പോലീസ് വാദം പറയുന്നത്. എന്നാല്‍ കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം പൊലീസും സ്ഥിരീകരിച്ചു.
ലഖിംപൂർഖേരിയിലെ കരിമ്പിന്തോട്ടത്തിലെ മരത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ബുധനാഴ്‌ച ഉച്ചയ്ക്ക് ശേഷമാണ് പെൺകുട്ടികളെ കാണാതായത്. പ്രതികള്‍ക്ക് കുട്ടികളെ മുമ്പ് പരിചയം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രേമം നടിച്ചാണ് കുട്ടികളെ കുടുക്കിയത്. വിവാഹം ചെയ്യണം എന്നാവശ്യപ്പെട്ടപ്പോഴാണ് കൊല നടത്തിയത്. കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് കൊന്നത്.
