
ടോക്യോ: ലോകം ഈ വര്‍ഷം കണ്ടതില്‍ ഏറ്റവും തീവ്രതയുള്ള ചുഴലിക്കാറ്റ് ‘ഹിന്നനോര്‍’ കിഴക്കന്‍ ചൈനാ കടലില്‍ ശക്തി പ്രാപിക്കുന്നതായി റിപ്പോര്‍ട്ട്.
മണിക്കൂറില്‍ 257 കിലോമീറ്ററാണ് വേഗം. ശക്തിയേറുമ്പോള്‍ 314 കിലോമീറ്റര്‍വരെ വേഗത്തില്‍ വീശുമെന്നാണ് കാലവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്നത്. ഹിന്നനോര്‍ ജപ്പാന്‍, ചൈന, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളെ സാരമായി ബാധിക്കുമെന്നും അമേരിക്കന്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് വിഭാഗവും ജപ്പാന്‍ കാലാവസ്ഥാ വിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇപ്പോൾ ജപ്പാനിലെ ഒക്കിനാവയിൽ നിന്ന് 230 കിലോമീറ്റർ അകലെയുള്ള കാറ്റ്, തെക്കുപടിഞ്ഞാറ് ഭാഗത്ത് റുക്യു ദ്വീപിന് സമീപത്തേക്ക് മണിക്കൂറിൽ 22 കിലോമീറ്റർ വേഗത്തിലാണ് പ്രാദേശിക സമയം രാവിലെ പത്തിന് നീങ്ങിയത്. 200–300 മില്ലീമീറ്റർ മഴയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. തെക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റിൻ്റെ പ്രഭാവത്തില്‍ 15 മീറ്ററിലേറെ ഉയരമുള്ള തിരമാലകൾ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. റുക്യുവിൽ പ്രളയമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം, അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി വളരെ ശാന്തമാണ്. 25 വർഷത്തിനു ശേഷമാണ് അറ്റ്ലാന്റിക് സമുദ്രത്തിൽ ഓഗസ്റ്റിൽ കൊടുങ്കാറ്റ് ഇല്ലാത്ത സ്ഥിതിയുണ്ടാകുന്നത്. ഹിന്നനോർ ചുഴലിക്കൊടുങ്കാറ്റിൻ്റെ ശക്തി ക്ഷയിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
