സൈബര്‍ ആക്രമണം എല്ലാ പരിധികളും ലംഘിക്കുന്നു; ഈ നാട് എല്ലാത്തിനും മറുപടി നല്‍കും: കെ.കെ ശൈലജ

  • Post category:Kerala / news / trending
  • Reading time:3 mins read
You are currently viewing സൈബര്‍ ആക്രമണം എല്ലാ പരിധികളും ലംഘിക്കുന്നു; ഈ നാട് എല്ലാത്തിനും മറുപടി നല്‍കും: കെ.കെ ശൈലജ

വടകര: ലോക്‌സഭാ മണ്ഡലം തിരിച്ചു പിടിക്കാനായി ഏറ്റവും കരുത്തയായ നേതാവായ കെ.കെ ശൈലജ ടീച്ചറേയാണ് എല്‍.ഡി.എഫ് രംഗത്ത് ഇറക്കിയിരിക്കുന്നത്. മറുപക്ഷത്ത് കെ.മുരളീധരന് പകരം പാലക്കാട് നിന്ന് ഷാഫി പറമ്പിലുമെത്തി. ഇതോടെ സംസ്ഥാനത്തെ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലമായും വടകര മാറി. തിരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആവനാഴിയിലെ എല്ലാ ആയുധങ്ങളും എടുത്ത് പയറ്റുകയാണ് മുന്നണികള്‍.

പ്രചരണം ശക്തമാകുമ്പോഴും ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത പ്രവണതകളും വടകരയിലുണ്ടായി എന്നതാണ് ശ്രദ്ധേയം. ഇടത് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചർക്കെതിരെ വ്യക്തിഹത്യ അടക്കമുള്ള വ്യാജ പ്രചരണമാണ് മറുചേരിയില്‍ നിന്നും ഉയർന്നത്. ഇതിനെല്ലാം ജനം തന്നെ മറുപടി പറയുമെന്നാണ് കെ.കെ ശൈലജ ടീച്ചർ വ്യക്തമാക്കുന്നത്.

ചക്കിട്ടപാറയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കൊപ്പം

എല്ലാത്തിനും ഒരു പരിധി ഉണ്ട്. എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ യു.ഡി.എഫ് പ്രവർത്തകർ ഇത്തരം നീചമായ സൈബർ അധിക്ഷേപത്തിലേക്ക് തിരിഞ്ഞതെന്ന് സത്യം പറഞ്ഞാല്‍ എനിക്ക് അറിയില്ല. എന്തൊക്കെ തരത്തിലുള്ള രാഷ്ട്രീയ പ്രചരണമായാലും ചില സീമകള്‍ ലംഘിക്കപ്പെടാന്‍ പാടില്ലെന്ന് നമ്മള്‍ പറയാറുണ്ടല്ലോ. ഇവിടെ ആ സീമകള്‍ ലംഘിക്കപ്പെടുന്നതാണ് നാം കണ്ടത്.

രാഷ്ട്രീയ എതിരാളികള്‍ അങ്ങോട്ടും ഇങ്ങോട്ടും ചില അടിസ്ഥാന രഹിതമായ ആരോപണങ്ങളൊക്കെ ഉന്നയിക്കാറുണ്ട്. അതും ഉണ്ടാകരുതെന്നുള്ളതാണ് ഞങ്ങളുടെ നിലപാട്. എന്നാല്‍ ഇവിടെ നടന്ന് കൊണ്ടിരിക്കുന്നത് എന്താണ്. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്കെതിരായി അധിക്ഷേപങ്ങള്‍ നടക്കുന്നുണ്ട്. അത് ഇന്നും ഇന്നലേയും തുടങ്ങിയതല്ല. അതിനും അപ്പുറത്തുള്ള കാര്യങ്ങള്‍ ഇവിടെ നടക്കുന്നു.

യു.ഡി.എഫ് ഭയത്തിൻ്റെ കാരണം

ചില പ്രസിദ്ധമായ മാധ്യമങ്ങളുടേയും വ്യക്തികളുടേയും പേജുകള്‍ വ്യാജമായി ക്രിയേറ്റ് ചെയ്‌തുകൊണ്ട് എന്നെക്കുറിച്ച്‌ അവർ മോശം പരാമർശം നടത്തുന്നതായി, അല്ലെങ്കില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചു കൊണ്ട് പ്രചരിപ്പിക്കുകയാണ്. പ്രധാനമായും കുടുംബ ഗ്രൂപ്പുകളിലാണ് ഇവർ ഇത് പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയത്തിന് അതീതമായി സ്ത്രീകളൊക്കെ എന്നോട് ഒരു ഇഷ്ടം കാണിക്കുന്നുണ്ടോ എന്ന ഭയം അവർക്കുണ്ടോയെന്ന് എനിക്ക് അറിയില്ല.

പേരാമ്പ്ര പുളിയോട്ടു മുക്കിലെ സ്വീകരണ കേന്ദ്രത്തില്‍

വലിയ പ്രതിസന്ധികള്‍ വന്ന ഘട്ടത്തില്‍ ഞാന്‍ എല്ലാവരുടേയും കൂടെ ഉണ്ടായിരുന്നു. ഇത് ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കുമെന്ന ഭയം അവർക്ക് ഉണ്ടായിരിക്കാം. അതുകൊണ്ട് തന്നെ കുടുംബ ഗ്രൂപ്പുകളെയാണ് അവർ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

Courtesy: Kairali News

ഈ സാഹചര്യത്തിലാണ് നിയമനടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. അല്ലാത്ത തരത്തിലുള്ള വിമർശനങ്ങളും അധിക്ഷേപങ്ങളും കാണാറുണ്ടെങ്കിലും അതെല്ലാം തള്ളി കളയുകയാണ് ചെയ്യാറുള്ളത്.

എന്തുകൊണ്ട് പരാതി നല്‍കി

എൻ്റെ പേജിൻ്റെ കമണ്ട് ബോക്‌സിൽ ചില ചെറുപ്പക്കാർ നമുക്ക് കാണുമ്പോള്‍ തന്നെ അറപ്പ് തോന്നുന്ന ചില പരാമർശങ്ങള്‍ നടത്താറുണ്ട്. അത് അവരുടെ സംസ്‌കാരം എന്ന് പറഞ്ഞ് തള്ളിക്കളയാറേയുള്ളു. എന്നാല്‍ ഇത് അങ്ങനേയല്ല, കാര്യം കുറച്ച്‌ ഗുരുതരമാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് കരുതിക്കൂട്ടി തന്നെ വ്യാജ വീഡിയോകളും മറ്റും ക്രിയേറ്റ് ചെയ്യുകയാണ്. അതുകൊണ്ട് കൂടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചത്.

കൃത്യമായ തെളിവുകളുണ്ട്

യു.ഡി.എഫ് നേതൃത്വം എന്തുകൊണ്ട് ഇതിനെ തള്ളിപ്പറയുന്നില്ല എന്നത് എനിക്ക് അറിയില്ല. സ്ത്രീ എന്ന നിലയുള്ള അവഹേളനം മാത്രമല്ല ഇവിടെ നടന്നത്. അതും ഇതിന് അകത്ത് ഒരു ഭാഗമാണെന്ന് മാത്രം. ഞാന്‍ പ്രധാനമായും ഉയർത്തിക്കാട്ടുന്നത് എൻ്റെ രാഷ്ട്രീയ അഭിപ്രായത്തെ വളച്ചൊടിച്ചു കൊണ്ട് നടത്തുന്ന വിഷയമാണ് ഞാന്‍ ഇവിടെ ഉന്നയിക്കുന്നത്. വ്യക്തമായ തെളിവുകള്‍ ഞാന്‍ നിരത്തിയിട്ടുണ്ട്. വ്യാജമായി നിർമ്മിച്ച ചിത്രങ്ങള്‍ അടക്കം ഞാന്‍ പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്.

എന്നെ ആക്രമിക്കുന്നേ.. എന്ന് പറഞ്ഞ് നിലവിളിക്കേണ്ട ആവശ്യം എനിക്കില്ല. അവർ ചെയ്‌തതിൻ്റെ ഒക്കെ വ്യക്തമായ തെളിവുകള്‍ എൻ്റെ കയ്യിലുണ്ട്. അത് ഞാന്‍ കൈമാറിയിട്ടുമുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഇങ്ങനെ ആക്ഷേപം ഉന്നയിക്കാമോ? അതിനെ തള്ളിക്കളയണോ ഉള്‍ക്കൊള്ളണമോ എന്നത് യു.ഡി.എഫ് നേതൃത്വം തീരുമാനിക്കട്ടെ.

തികഞ്ഞ ആത്മവിശ്വാസം

തിരഞ്ഞെടുപ്പില്‍ എനിക്ക് നല്ല ആത്മ വിശ്വാസമാണുള്ളത്. വ്യക്തമായ രീതിയിലുള്ള രാഷ്ട്രീയ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടും, അവർക്ക് വേണ്ടി എന്ത് ചെയ്യുമെന്നും പറഞ്ഞു കൊണ്ടാണ് ഞാന്‍ പ്രചരണം നടത്തുന്നത്. അതിനോട് ആളുകള്‍ അനുകൂലമായി പ്രതികരിക്കില്ലെന്ന് നമ്മള്‍ എങ്ങനെയാണ് പറയുക. ഞാന്‍ ഒരു രാഷ്ട്രീയ പ്രവർത്തകയാണ്. മുമ്പ് എങ്ങനെയൊക്കെ പ്രവർത്തിച്ചോ അതുപോലെ തന്നെ വടകരയിലെ ജനങ്ങള്‍ക്ക് വേണ്ടിയും പ്രവർത്തിക്കും. വടകരയിലെ ജനങ്ങള്‍ നേരിടുന്ന ഒട്ടനവധി പ്രശ്‌നങ്ങളുണ്ട്. അതെല്ലാം പാർലമെണ്ടില്‍ ഉന്നയിക്കും. വടകര പാർലമെണ്ട് മണ്ഡലത്തില്‍ ഉറപ്പായും എല്‍.ഡി.എഫ് വിജയിക്കും.

0Shares