
തിരുവനന്തപുരം: ഏപ്രില്‍ ഒന്നിന് ഭൂമിയുടെ ന്യായവില വര്‍ദ്ധന നടപ്പാവും മുമ്പ് ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ കൂട്ടത്തിരക്ക് ആയതോടെ രജിസ്ട്രേഷന്‍ വകുപ്പിന് നല്ലകാലം. മാര്‍ച്ചിലെ വരവ് 600 കോടിയിലെത്തിയേക്കും. തിങ്കളാഴ്‌ച വരെ 550 കോടിയാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേമാസം 400 കോടിയാണ് കിട്ടിയത്. ഭൂമിയുടെ ന്യായവില 20 ശതമാനമാണ് ബഡ്‌ജറ്റില്‍ കൂട്ടിയത്. ഇതനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും ഒന്നുമുതല്‍ കൂടും.
നടപ്പുസാമ്പത്തിക വര്‍ഷത്തെ ആകെ വരുമാനം 5300 കോടി കവിയുമെന്നാണ് പ്രതീക്ഷ. 2021- 22ല്‍ ഇത് 4431.88 കോടിയായിരുന്നു. 315 സബ് രജിസ്ട്രാര്‍ ഓഫീസുകളിലായി ശരാശരി 80,000 രജിസ്ട്രേഷനാണ് ഒരു മാസം നടക്കുക. ഈ മാസം ഇത് ഒരു ലക്ഷം കവിഞ്ഞേക്കും.

കഴിഞ്ഞ ദിവസങ്ങളില്‍ സബ് രജിസ്റ്റാര്‍ ഓഫീസുകളില്‍ എത്തിയ പലര്‍ക്കും ടോക്കണ്‍ കിട്ടാതെ മടങ്ങേണ്ടി വന്നു. ദിവസം 38 ടോക്കണുകളാണ് നല്‍കുക. ഇതിനിടെ സെര്‍വര്‍ മന്ദഗതിയിലുമായി. കുടുംബ ബന്ധ ആധാരങ്ങളുടെ (ഇഷ്ടദാനം) രജിസ്ട്രേഷനാണ് ഏറെയും.
മാര്‍ച്ച് 31ന് മുമ്പ് ആധാരം തയ്യാറാക്കി, അതിനനുസരിച്ചുള്ള മുദ്രപ്പത്രവും വാങ്ങിയാല്‍ നാല് മാസത്തിനുള്ളില്‍ രജിസ്ട്രേഷന്‍ നടത്തിയാല്‍ മതി. അധിക ചെലവും കഴിഞ്ഞ ദിവസങ്ങളിലെ തിരക്കും ഒഴിവാക്കാന്‍ നിരവധി പേര്‍ ഈ മറുതന്ത്രവും പ്രയോഗിക്കുന്നുണ്ട്. ഭൂമി വിലയുടെ എട്ടുശതമാനം സ്റ്റാമ്പ് ഡ്യുട്ടിയും രണ്ട് ശതമാനം രജിസ്ട്രേഷന്‍ ഫീസുമാണ് നല്‍കേണ്ടത്.
മാര്‍ച്ചിലെ പ്രതീക്ഷ
വരുമാനം: 600 കോടി, രജിസ്ട്രേഷന്‍: ഒരു ലക്ഷം, 2022- 23ല്‍ ആകെവരവ്: 5300 കോടിയും 2021- 22ല്‍ കിട്ടിയത്: 4431.88 കോടിയുമാണ്.
