ഗുജറാത്ത് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം; രാജ്യത്തെ വലിയ മാള്‍ ഇനി മോദിയുടെ നാട്ടില്‍, ലുലു ഗ്രൂപ്പ് നിക്ഷേപിക്കുന്നത് 3,000 കോടി രൂപ

You are currently viewing ഗുജറാത്ത് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം; രാജ്യത്തെ വലിയ മാള്‍ ഇനി മോദിയുടെ നാട്ടില്‍, ലുലു ഗ്രൂപ്പ് നിക്ഷേപിക്കുന്നത് 3,000 കോടി രൂപ

ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തില്‍ നിര്‍മ്മിക്കാന്‍ ലുലു ഗ്രൂപ്പ്. അടുത്തിടെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ നടത്തിയ ദുബായ് സന്ദര്‍ശനത്തിലാണ് സംസ്ഥാനത്ത് മൂവായിരം കോടി നിക്ഷേപിക്കാന്‍ ലുലു ഗ്രൂപ്പ് തയ്യാറായത്. യു.എ ഇയില്‍ വച്ച്‌ ലുലു ഗ്രൂപ്പും ഗുജറാത്ത് സര്‍ക്കാരും ഒപ്പിട്ട ധാരണാപത്രത്തിൻ്റെ അടിസ്ഥാനത്തിലാണ് മാള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.

ഷോപ്പിംഗ് മാളിൻ്റെ നിര്‍മാണം അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി.നന്ദകുമാര്‍ പറഞ്ഞു. യു.എ.ഇ ആസ്ഥാനമായുള്ള ശതകോടീശ്വരന്‍ യൂസഫ് അലിയുടെ ലുലു ഗ്രൂപ്പ് ഇൻ്റെര്‍നാഷണലിൻ്റെ ഗുജറാത്തിലെ ആദ്യ സംരംഭമാണിത്.

ഗുജറാത്തില്‍ ഷോപ്പിംഗ് മാള്‍ എത്തുന്നതോടെ 6,000 പേര്‍ക്ക് നേരിട്ടും 12,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അടുത്തുതന്നെ മാളിനായുള്ള തറക്കല്ലിടല്‍ നടക്കും.

അഹമ്മദാബാദ് ആസ്ഥാനമായുള്ള ഷോപ്പിംഗ് മാളില്‍ 300ലധികം ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍, മള്‍ട്ടിക്യുസീന്‍ റെസ്റ്റോറന്റുകളുള്ള 3,000 പേര്‍ക്ക് ശേഷിയുള്ള ഫുഡ് കോര്‍ട്ട്, ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ വിനോദ കേന്ദ്രമായ ഐമാക്സുള്ള 15 സ്‌ക്രീന്‍ മള്‍ട്ടിപ്ലക്‌സ് സിനിമാസ്, മറ്റ് നിരവധി ആകര്‍ഷണങ്ങള്‍ എന്നിവ ഉണ്ടാകും. അഹമ്മദാബാദിനെ ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഡെസ്റ്റിനേഷനായി മാറ്റുകയാണ് ലക്ഷ്യമെന്നും നന്ദകുമാര്‍ പറഞ്ഞു.

ഈ വര്‍ഷം ജൂലായില്‍ ലക്നൗവില്‍ ലുലു ഗ്രൂപ്പ് മാള്‍ തുറന്നിരുന്നു. കൊച്ചി, ബംഗളൂരു, തിരുവനന്തപുരം നഗരങ്ങളിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് പ്രധാനമായും മിഡില്‍ ഈസ്റ്റ്, ഏഷ്യ, യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിലായി 23 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. 60,000ത്തിലധികം ജീവനക്കാരാണ് ലുലുവില്‍ ജോലിചെയ്യുന്നത്.

0Shares