
കൊച്ചി: ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ 1476 കോടിയുടെ മയക്കുമരുന്ന് മുംബയിലേക്ക് കടത്തിയ കേസില്‍ അന്വേഷണ പരിധിയിലുള്ള മലപ്പുറം വേങ്ങര ഇന്ത്യനൂരില് മന്‍സൂര്‍ തച്ചമ്പറമ്പില് കേരളത്തിലെ പ്രമുഖ പഴം വ്യാപാരികള്‍ക്ക് വേണ്ടിയും പഴങ്ങള്‍ ഇറക്കിയെന്ന സൂചന ഡയറക്ടറേറ്റ് ഒഫ് റവന്യു ഇൻ്റെലിജന്‍സ് (ഡി.ആര്.ഐ) അന്വേഷിക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ കഴിയുന്ന മന്‍സൂര്‍ കൊച്ചിയിലും കോഴിക്കോട്ടുമുള്ള വ്യാപാരികള്‍ക്ക് ആയാണ് രണ്ട് വര്‍ഷത്തിനിടെ കണ്ടെയ്നറുകള്‍ ഇറക്കിയത്. ഇവ കൊച്ചി തുറമുഖത്തേക്ക് നേരിട്ട് എത്തിയതാണോയെന്നും പരിശോധിക്കുന്നുണ്ട്.

കാലടിയിലെ യമ്മിറ്റോ ഫുഡ്സ് ഇൻ്റെര്നാഷണലിന് വേണ്ടി 313 ഷിപ്പ്മെണ്ടുകള് എത്തിയിരുന്നു. ഇവ മുഴുവന്‍ മുംബയിലാണ് ഇറക്കിയത്. ഇവയില്‍ കുറെ കപ്പലില്‍ കൊച്ചിയിൽ എത്തിക്കുകയായിരുന്നു. ജോഹന്നാസ് ബര്‍ഗില്‍ മോര്‍ഫ്രഷ് എക്സ്പോര്‍ട്ട്സ് എന്ന കമ്പനിയുടെ ഉടമയാണ് മന്‍സൂര്‍. യമ്മിറ്റോ കമ്പനിക്കായി മോര് ഫ്രഷ് മുംബയില്‍ ഇറക്കിയ ഓറഞ്ച് പെട്ടികളില്‍ നിന്നാണ് 198 കിലോ അതീവ ശുദ്ധമായ ക്രിസ്റ്റല്‍ മെത്താംഫെറ്റാമിനും ഒമ്പത് കിലോ കൊക്കെയിനും കഴിഞ്ഞയാഴ്ച പിടികൂടിയത്.
യമ്മിറ്റോയുടെ എം.ഡി വിജിന് വര്‍ഗീസ് അറസ്റ്റിലുമായി. മയക്കുമരുന്നു കടത്തില്‍ പ്രധാന പങ്കു വഹിച്ചത് മന്‍സൂറാണെന്നാണ് ഡി.ആര്.ഐ നിഗമനം.മന്‍സൂറിനെ ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഡി.ആര്.ഐ. രണ്ടാഴ്ച മുമ്പ് ഇന്ത്യയില്‍ നിന്ന് ദക്ഷിണാഫ്രിക്കയില്‍ തിരിച്ചെത്തിയ മന്‍സൂര്‍ ഡി.ആര്.ഐ പിടിച്ചെടുത്ത കണ്ടെയ്നര്‍ അയച്ച സഹായി അമൃത് പട്ടേലിനെതിരെ ജോഹന്നാസ് ബര്‍ഗ് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

യമ്മിറ്റോയുടെ കാലടിയിലെ സംഭരണ കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന നൂറുകണക്കിന് പെട്ടികളിലെ വിദേശ ഫലവര്‍ഗങ്ങള്‍ പകുതിയിലേറെയും ഉപയോഗ ശൂന്യമായതായിരുന്നു. ഇവ സമീപത്തെ പന്നിഫാമില്‍ തീറ്റയായും നല്‍കിയിട്ടുണ്ട്. വിലയേറിയ ഓറഞ്ചും ആപ്പിളും മറ്റും കുറഞ്ഞ വിലയ്ക്ക് കാലടിയിലെ
കടയിലും നിരത്തുവക്കിലും വിറ്റഴിച്ചിരുന്നു. വാഴക്കുളത്തെ ശീതികരിച്ച ഗോഡൗണില്‍ വാടകയ്ക്കെടുത്ത സ്ഥലത്ത് സൂക്ഷിച്ചിട്ടുള്ള പെട്ടികളിലെ പഴവര്‍ഗങ്ങള്‍ ഉപയോഗ യോഗ്യമാണ്.
ഒന്നര മാസം മുമ്പാണ് കാലടിയിലെ പുതിയ കെട്ടിടത്തില്‍ ശീതീകരണ സംവിധാനമുള്ള ഗോഡൗണും ഓഫീസും വിജിന് വര്‍ഗീസ് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം വിജിനും സഹോദരന് ജിബിനും ഡയറക്ടര്‍മാരായി കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത മോര് ഫ്രഷ് ഇന്ത്യ എന്ന കമ്പനി ഇടപാടുകള്‍ നടത്തിയതായി വ്യക്തമായിട്ടില്ല.
