
തിരുവനന്തപുരം: വ്യാജമായി പ്രചരിക്കുന്ന കത്തിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവായി. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി എസ്. മധുസൂദനന്‍റെ മേല്‍നോട്ടത്തില്‍ ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ കേസ് അന്വേഷിക്കും.
കത്ത് ചോർന്നത് പാർട്ടി തലത്തിൽ അന്വേഷിക്കാൻ സിപിഎമ്മും തീരുമാനിച്ചു. അന്വേഷണത്തിന് ശേഷം നടപടിയെടുക്കാനാണ് ധാരണ. തിങ്കളാഴ്‌ച ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.
അതേസമയം കത്ത് വിവാദത്തിലെ പ്രതിഷേധം തെരുവിൽ ആളിക്കത്തുകയാണ്. യൂത്ത് കോൺഗ്രസ് നഗരസഭയ്ക്ക് മുന്നിൽ നടത്തിയ നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.
അത്തരത്തിൽ ഒരു കത്ത് താന്‍ ഒപ്പിട്ട് നല്‍കുകയോ അയയ്‌ക്കുകയോ ചെയ്തിട്ടില്ലെന്നാണ് മേയറുടെ വിശദീകരണം. തൻ്റെതല്ലാത്ത തരത്തില്‍ ഒരു കത്ത് പ്രചരിപ്പിക്കപ്പെടുന്നു എന്നും കത്തിൻ്റെ ഉറവിടം എന്താണെന്ന് പരിശോധിക്കണം എന്നുമാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. കത്ത് ഉപയോഗിച്ചു കൊണ്ട് തന്നെ ചിലര്‍ വ്യക്തിപരമായും അല്ലാതെയും അധിക്ഷേപിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

താന്‍ കത്തില്‍ ഒപ്പിട്ടിട്ടില്ല. ആരെങ്കിലും അത് നിര്‍മ്മിച്ചതാണോ എന്നാണ് പരിശോധിക്കേണ്ടത്. കത്ത് കൊടുക്കുന്ന ശീലം സി.പി.എമ്മിനില്ല. അങ്ങനെയൊരു കത്തിൻ്റെ ഇടപെടല്‍ നടത്തിയിട്ടില്ലെന്നും നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മേയര്‍ നേരത്തെ തന്നെ വിശദീകരിച്ചിരുന്നു.
ലെറ്റര്‍ പാഡ് വ്യാജമാണോ എന്ന് അന്വേഷിക്കണം. ഫോണിലൂടെ എഡിറ്റ് ചെയ്ത ഭാഗമാണ് താന്‍ കണ്ടത്. കത്തില്‍ ചില ഭാഗങ്ങള്‍ ഹൈലറ്റ് ചെയ്തിരുന്നു. അതിനാല്‍ കത്തില്‍ മുഴുവന്‍ അവ്യക്തതയാണ്. അന്വേഷണത്തിലൂടെ കാര്യങ്ങള്‍ പുറത്തുവരട്ടേയെന്നും മേയര്‍ പറഞ്ഞു. ലെറ്റര്‍ ഹെഡും ഒപ്പും വ്യക്തമല്ല. തൻ്റെ ലെറ്റര്‍ ഹെഡില്‍ ഉപയോഗിക്കുന്ന ഫോണ്ടാണോ അത് എന്നും വ്യക്തമല്ല. ഈ കാലത്ത് വ്യാജ കത്ത് നിര്‍മ്മിക്കാന്‍ അത്ര ബുദ്ധിമുട്ടൊന്നും ഇല്ലെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
തനിക്ക് ആരെയും സംശയമില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം വ്യാജമാണെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. നഗരസഭയെ തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിൻ്റെ ഭാഗമാണോ ഈ കത്ത് എന്നും സംശയമുണ്ടെന്ന് മേയര്‍ വ്യക്തമാക്കിയിട്ടുണ്ട്.
