
പശ്ചിമ ബംഗാളില്‍ മുതിര്‍ന്ന സി.പി.എം നേതാവ് അശോക് ഭട്ടാചാര്യയുടെ വീട്ടില്‍ ബി.ജെ.പി നേതാക്കള്‍ രഹസ്യമായെത്തി ചര്‍ച്ച നടത്തി. ഇതോടെ സംസ്ഥാനത്ത് ഇരുപാര്‍ട്ടികളും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആസൂത്രണം നടത്തുകയാണെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഇത് ദേശീയ രാഷ്ട്രീയത്തില്‍ തന്നെ പുതിയ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
സി.പി.എം- ബി.ജെ.പി രഹസ്യധാരണയുണ്ടെന്നും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇരുപാര്‍ട്ടികളും ചേര്‍ന്ന് നടത്തുന്നതെന്നുമുള്ള ആരോപണവുമായി രംഗത്തെത്തിയത് ടി.എം.സി ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷാണ്. എന്നാല്‍ ചര്‍ച്ചയ്ക്കല്ല സൗഹൃദ സന്ദര്‍ശനത്തിനാണ് ബി.ജെ.പി നേതാക്കള്‍ എത്തിയതെന്നായിരുന്നു അശോക് ഭട്ടാചാര്യയുടെ പ്രതികരണം.

ബി.ജെ.പി എം.പി രാജു ബിസ്ത, സിലിഗുഡി എം.എല്‍.എ ശങ്കര്‍ ഘോഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഒരു സംഘം ബി.ജെ.പി നേതാക്കള്‍ അശോക് ഭട്ടാചാര്യയുടെ വീട്ടിലെത്തിയത്. അശോക് ഭട്ടാചാര്യയുടെ ഭാര്യയുടെ ഒന്നാം ചരമവാര്‍ഷികത്തിന് ക്ഷണം ലഭിച്ച് പോയതാണെന്നും അല്ലാതെ യാതൊരുവിധ ചര്‍ച്ചയ്ക്കുമായല്ല തങ്ങള്‍ അദ്ദേഹത്തിൻ്റെ വീട്ടിലെത്തിയതെന്നും രാജു ബിസ്ത വ്യക്തമാക്കി.
