
കാസർകോട് : എയിംസ് കേരളത്തിനും കാസർകോടിനും അനുവദിക്കുന്ന കാര്യത്തിൽ ബി.ജെ.പി.യും സി.പി.എമ്മും നിലപാട് വ്യക്തമാക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
കാസർകോട് ജില്ലയിലെ അഞ്ച് എം.എൽ.എ.മാരും എം.പി.യും എയിംസ് കാസർകോട് തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടും എയിംസിൻ്റെ പ്രൊപ്പോസലിൽ കോഴിക്കോട് മാത്രം നൽകിയ മുഖ്യമന്ത്രിയും ഇടതുപക്ഷ മുന്നണിയും കാസർകോട്ടെ ജനങ്ങളോട് വഞ്ചനയും അവഗണനയുമാണ് കാട്ടുന്നതെന്നും രാജ്യത്തെ ഇതര സംസ്ഥാനങ്ങളിൽ എയിംസ് അനുവദിച്ചിട്ടും കേരളത്തിന് അനുവദിക്കാത്ത ബി.ജെ.പി. നിലപാട് അപഹാസ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

എയിംസ് കേരളത്തിന് അനുവദിക്കാൻ കേന്ദ്ര സർക്കാറും കേരളത്തിന് അനുവദിച്ചാൽ കാസർകോട് സ്ഥാപിക്കാൻ കേരള സർക്കാറും നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു.
സി.ടി. അഹമ്മദലി, കല്ലട്ര മാഹിൻ ഹാജി, എൻ.എ. നെല്ലിക്കുന്ന്എം.എൽ.എ., എ.കെ.എം. അഷറഫ് എം.എൽ.എ, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുൽ ഖാദർ , പി.എം. മുനീർ ഹാജി, മൂസ ബി. ചെർക്കള എന്നിവർ പ്രസംഗിച്ചു.
