
വരുന്ന അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകളും മൂല്യനിര്‍ണയവും പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നതെന്നും ഓണ്‍ലൈനായി ഇത് പൂര്‍ത്തീകരിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു പറഞ്ഞു. പരീക്ഷകളും മൂല്യനിര്‍ണയവും ഓണ്‍ലൈനാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു.
എന്നാല്‍ ഇക്കാര്യം പരിശോധിച്ച വിദ്യാഭ്യാസ വകുപ്പ് ഇത് പ്രായോഗികമല്ലെന്ന നിഗമനത്തിലാണ് എത്തിയത്.എസ്.എസ്.എല്‍.സി മാത്രം ഒന്‍പത് വിഷയങ്ങളിലായി നാല്‍പത് ലക്ഷം പേപ്പറുകള്‍ ഉണ്ട്. എഴുതിയ അധിക പേപ്പറുകള്‍ അടക്കം ഇത് കോടികള്‍ വരും. ഹയര്‍ സെക്കണ്ടറിയുടേത് ഇതിന് പുറമെയാണ്. ഇത്രയും സ്‌കാന്‍ ചെയ്ത് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് കൊണ്ടുവരിക ഏറെ പ്രയാസകരമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറയുന്നു.

നിലവിലെ സാഹചര്യത്തില്‍ ജൂണില്‍ സ്‌കൂള്‍ തുറക്കുമോ എന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ പറ്റില്ലെന്നും ലോക് ഡൗണ്‍ തീരുന്നത് അനുസരിച്ച് മാത്രം അന്തിമ തീരുമാനമെടുത്താല്‍ മതിയെന്നാണ് സര്‍ക്കാരില്‍ നിന്ന് ലഭിച്ച നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്‌ഡൌണില്‍ ഇളവ് ലഭിച്ചാല്‍ എങ്ങനെ പരീക്ഷകളും മൂല്യനിര്‍ണയവും നടത്താനാവുമെന്ന് സംബന്ധിച്ച ചില നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
