കൊറോണ: അമേരിക്കയില്‍ 4 മലയാളികള്‍ കൂടി മരിച്ചു; ലോകത്താകെ മരണം 82,000 കടന്നു

  • Post category:news
  • Reading time:1 min read
You are currently viewing കൊറോണ: അമേരിക്കയില്‍ 4 മലയാളികള്‍ കൂടി മരിച്ചു; ലോകത്താകെ മരണം 82,000 കടന്നു

കോവിഡ് 19 ബാധിച്ച് അമേരിക്കയില്‍ നാലു മലയാളികള്‍ കൂടി മരിച്ചു. ഇതോെട അമേരിക്കയില്‍ മാത്രം കോവിഡ് മൂലം മരിച്ചവരുടെ എണ്ണം പതിനാറും വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം ഇരുപത്തിനാലും ആയി. കോഴഞ്ചേരി തെക്കേമല സ്വദേശി ലാലു പ്രതാപ് ജോസ്, അമേരിക്കയിലെ ഫിലഡല്‍ഫിയയില്‍ മരിച്ചു. 64 വയസുള്ള ഇദ്ദേഹം ന്യൂയോര്‍ക് മെട്രോ ട്രാഫിക് സ്റ്റേഷനില്‍ ട്രാഫിക് കണ്‍ട്രോളറായിരുന്നു.

തൊടുപുഴ കരിങ്കുന്നം സ്വദേശി മറിയാമ്മ മാത്യു ന്യൂയോര്‍ക്കിലെ ഹൈഡ് പാര്‍ക്കില്‍ മരിച്ചു. എണ്‍പതാം വയസിലാണ് മരണം. തൃശൂര്‍ സ്വദേശി ടെന്നിസണ്‍ പയ്യൂര്‍ മരിച്ചത് ന്യൂയോര്‍ക്ക് റോക‌് ലന്‍ഡില്‍വച്ചാണ്. 82 വയസുണ്ട്. 27 വയസ് മാത്രമുള്ള കോഴിക്കോട് കോടഞ്ചേരി വേളംകോട് പോളിന്‍റെ മരണം ടെക്സസിലാണ്. അതേസമയം, ലോകത്ത് കോവിഡ് ബാധിച്ചുള്ള മരണം 82,000 കടന്നു. ഏഴായിരത്തിലധികം പേരാണ് ഇന്നലെ മാത്രം മരിച്ചത്.

1,942 പേര്‍ മരിച്ച അമേരിക്കയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത്. യുഎസില്‍ ആകെ മരണം 12,813 ആയി. ഫ്രാന്‍സില്‍ ഇന്നലെ 1,417 പേര്‍ മരിച്ചു. ഇതോടെ ഫ്രാന്‍സിലെ ആകെ മരണം പതിനായിരം കടന്നു. സ്പെയിന്‍, ഇറ്റലി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലും 24 മണിക്കൂറിനിടെ അഞ്ഞൂറിലധികം മരണം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് സ്ഥിരീകരിച്ച ശേഷം ഇതാദ്യമായി ചൈനയില്‍ ഇന്നലെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. എഴുപത്തയ്യായിരത്തോളം പേര്‍ക്കാണ് ഇന്നലെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

0Shares