
കാസര്‍കോട്: ബേക്കൽ ബീച്ച് ഫെസ്റ്റിൽ സംഗീത പരിപാടിയിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ നാം അറിഞ്ഞവരാണ്. റാപ്പർ വേടൻ പങ്കെടുക്കുന്ന സംഗീത പരിപാടിക്കായി എത്തിയ ജനങ്ങൾ പ്രതീക്ഷിച്ചതിലും അധികമായതും പിന്നീട് ജനങ്ങൾ ശ്വാസ തടസ്സം അനുഭവപ്പെട്ട് വെപ്രാളപ്പെട്ടതും ചിതറിയോടിയതും എല്ലാം മലയാളികൾ അറിഞ്ഞവരാണ്. ഈ സമയത്ത് ഉണ്ടായ തിക്കിലും തിരക്കിലും ജനം ചിതറി ഓടിയപ്പോൾ അടുത്തുള്ള റെയിവേ ട്രാക്കിൽ ഒരു ചെറുപ്പക്കാരൻ ട്രെയിൻ തട്ടി മരിച്ചതും നമ്മെ വേദനപ്പിച്ച സംഭവമായിരുന്നു. എന്നാൽ മരണപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ കുറിച്ചോ അവരുടെ കുടുംബത്തെ കുറിച്ചോ നാം ആരും അറിഞ്ഞില്ല. 19 കാരനായ എം ശിവനന്ദന്‍ എന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് ട്രെയിൻ തട്ടി മരിച്ചത്. മാതാപിതാക്കൾക്ക് ഏക മകനായിരുന്നു ശിവനന്ദൻ. അവർക്ക് താങ്ങവുന്നതിലും അപ്പുറമായിരുന്നു മകൻ്റെ മരണം. ദിവസങ്ങൾ എണ്ണി നീക്കുന്ന അവരുടെ ജീവിതം. ഒടുവിൽ മകനെ തേടി അവരും യാത്ര പറഞ്ഞിരിക്കുന്നു. ഡിസംബര്‍ 29ന് രാത്രി ബേക്കലിൽ വേടൻ്റെ പരിപാടി കാണാനായി സുഹൃത്തുക്കൾക്കൊപ്പം എത്തിയ എം ശിവനന്ദന്‍ എന്ന 19 കാരൻ്റെ മാതാപിതാക്കൾ.
ഏക മകൻ്റെ വിയോഗം മാതാപിതാക്കൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മകൻ്റെ മരണത്തില്‍ മനം നൊന്ത്, ഉള്ളുരുകി കഴിയുകയായിരുന്ന ദമ്പതികള്‍ ജീവനൊടുക്കി എന്ന നടുക്കുന്ന വാർത്തയാണ് ഇന്ന് പുറംലോകം അറിഞ്ഞത്. വീടിനകത്ത് ജീവനൊടുക്കിയ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹം. പൊയ്‌നാച്ചി പറമ്പിലെ വേണുഗോപാലൻ നായർ (50), ഭാര്യ സ്മിത (42) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഇവരുടെ വീടിൻ്റെ സെൻട്രൽ ഹാളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വിവരമറിഞ്ഞ് മേൽപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മകൻ്റെ അപ്രതീക്ഷിത മരണത്തിന് പിന്നാലെയുണ്ടായ കടുത്ത മാനസിക ആഘാതമാണ് ഇവരെ ഇത്തരമൊരു കടുംകൈയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മകനില്ലാതെ തങ്ങൾ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന് ഇരുവരും പറഞ്ഞിരുന്നതായി നാട്ടുകാർ പറയുന്നു. ഇവരുടെ കുടുംബം പലരീതിയിൽ ഇവരെ ആശ്വസിപ്പിച്ചിരുന്നുവെങ്കിലും ദമ്പതികൾ കടുത്ത വിഷാദത്തിലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ദമ്പതികളുടെ മരണം നാടിനെ കണ്ണീരിലാക്കിയിട്ടുണ്ട്.
