
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരും തുരങ്കം വെക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ സംരക്ഷിക്കാന്‍ ഒരുവിഭാഗം ഉറക്കമൊഴിച്ചിരിക്കുകയാണ്. എല്ലാവരും ചേര്‍ന്ന് ഈ പ്രതിസന്ധിഘട്ടത്തെ മറികടക്കാന്‍ ശ്രമിക്കുകയാണ്.
എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നിലപാട് കടുപ്പിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലര്‍ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല. അവര്‍ക്ക് കൂടിയാണ് ഈ ക്രമീകരണം എന്നോര്‍ക്കണം. തങ്ങള്‍ക്ക് രോഗം വരില്ലെന്ന നിലപാടിലാണ് ചിലര്‍. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പോലീസ് ഇടപെടും. എസ്‌പിമാര്‍ക്ക് പ്രത്യേക ചുമതല നല്‍കും.

രോഗവ്യാപനം തടയുന്നതിന് വേറൊരുമാര്‍ഗവും മുന്നിലില്ല. ഇനിയും നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോകേണ്ടിവരും. നാടിന്‍റെ നന്മയ്‌ക്കായി സര്‍ക്കാരിന് നിലപാട് കടുപ്പിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ആരാധനാലയങ്ങള്‍ക്കുള്‍പ്പെടെ ബാധകമാണ്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ച്ചയ്‌ക്കും തയ്യാറല്ല. സമൂഹത്തെ വഞ്ചിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. മാധ്യമങ്ങള്‍ ഇത്തരം ആളുകളെ ന്യായീകരിക്കരുത്. നിരുത്തരവാദിത്തത്തിന്‍റെ ഉദാഹരണമാണ് കാസര്‍കോട് സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
