
സംസ്ഥാനത്താകെ ഇന്ന് 12 പേർക്ക് രോഗം ബാധിച്ചതായി മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 5 പേർ എറണാകുളം, ആറു പേർ കാസർകോട്, ഒരാൾ പാലക്കാട് ജില്ലക്കാരനാണ്. നിലവിൽ കേരളത്തിൽ ആകെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി.ഒരു ദിവസത്തിൽ 12 പേർക്ക് രോഗം വന്നത് കാര്യങ്ങൾ ഗൗരവമായി എടുക്കണമെന്നാണു കാണിക്കുന്നത്.എന്ന് മുഖ്യമന്ത്രി അറിയിച്ചു.

കാസർകോടിന്‍റെ കാര്യം വിചിത്രമാണ് എന്ന് പറഞ്ഞ മുഖ്യമന്ത്രി, ജില്ലയിൽ വൈറസ് സ്ഥിരീകരിച്ച വ്യക്തി കരിപ്പൂരാണ് വിമാനം ഇറങ്ങിയത് എന്നും ആ ദിവസം അവിടെ താമസിച്ചശേഷം പിറ്റേന്ന് കോഴിക്കോടേക്കും അവിടെനിന്ന് കാസർകോടെക്കു പോകുകയും പിന്നീടുള്ള എല്ലാ പൊതു പരിപാടികളിലും അദ്ദേഹം പങ്കെടുക്കുകയും ചെയ്തതായി പറഞ്ഞു.
കാസർകോട് എത്തിയ ശേഷം ആ വ്യക്തി ഫുട്ബോൾ, ക്ലബ് പരിപാടി, വീട്ടിലെ ചടങ്ങുകളിൽ എന്നിവയിൽ പങ്കെടുത്തു. ധാരാളം സഞ്ചരിക്കുകയും ചെയ്തു. കാസർകോട് ജനങ്ങൾക്ക് പ്രത്യേകം കരുതൽ വേണം എന്നാണ് ഇതിൽ കാണുന്നത്.
സർക്കാർ തുടർച്ചയായി ജാഗ്രത വേണം എന്ന് അഭ്യര്‍ഥിക്കുന്നുണ്ടെങ്കിലും ചിലർ ഇത് അനുസരിക്കാത്തതിന്‍റെ വിനയാണിത് എന്ന് മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി. വൈറസ് ബാധ കൂടുതലായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാസർകോട് ജില്ലയിൽ ഒരാഴ്ച സർക്കാർ ഓഫിസുകള്‍ അടച്ചിടാനും രണ്ടാഴ്ച എല്ലാ ആരാധനാലയങ്ങളും അടച്ചിടാനും നിര്‍ദ്ദേശമുണ്ട്.
ജില്ലയിലെ ക്ലബുകൾ മുഴുവനായും അടയ്ക്കും. കടകള്‍ എല്ലാം തന്നെ രാവിലെ 11 മുതൽ വൈകിട്ട് 5 വരെ മാത്രമേ തുറക്കൂ.ഇതിനുള്ള ഉത്തരവ് ഇറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
