
കാസർകോട്: ആരോഗ്യവിഭാഗത്തിന്‍റെയും വിവിധ വകുപ്പുകളുടെയും പൊതുസമൂഹത്തിന്‍റെയും പിന്തുണയോട് കൂടി ജില്ലയില്‍ കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഇത് ഫലപ്രദമാവാന്‍ ഇനിയും അതീവജാഗ്രത പാലിക്കേണ്ടതുണ്ടെന്നും റവന്യു ഭവന-നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.
പ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ ഏകോപിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി നടത്തിയ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിതിഗതികള്‍ കൈവിട്ടുപോകാതിരിക്കാന്‍ ഉയര്‍ന്ന പൗരബോധത്തോടെ പ്രവര്‍ത്തിക്കണം. ജില്ലാതലത്തില്‍ ഏകോപിപ്പിക്കുന്നതോടൊപ്പം പഞ്ചായത്ത് തലത്തില്‍ വികേന്ദ്രീകരിച്ച് പ്രതിരോധ-നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തേണ്ടതുണ്ട്.

വ്യക്തി നിരീക്ഷണത്തിന് താഴെ തട്ടിലേക്കുള്ള വികേന്ദ്രീകരണം അത്യാവശ്യമാണ്. നിലവില്‍ സംസ്ഥാനത്ത് നിയന്ത്രണവിധേയമായ സാഹചര്യമാണുള്ളത്. ഇത് നിലനിര്‍ത്താനും കൈവിട്ട് പോവാതിരിക്കാനും കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. അതേപോലെ തന്നെ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദേശങ്ങളില്‍ നിന്നും വന്നവരും രോഗലക്ഷണമുള്ളവരും ആരോഗ്യപ്രവര്‍ത്തകരോട് സഹകരിക്കുന്നില്ലെന്ന് ചില പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത്തരക്കാരെ പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റുന്നതിനേക്കാളുപരി ബോധവല്‍ക്കരണത്തിലൂടെ അവബോധം സൃഷ്ടിച്ച് നിരീക്ഷണ സംവിധാനത്തിലേക്ക് സ്വയം മുന്നോട്ട് വരുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഭയപ്പെടുത്താനല്ല മറിച്ച് ജാഗ്രതയോടെ അതിജീവിക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീവ്രശ്രമമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം ഉയര്‍ന്ന പൗരബോധത്തോടെ കാര്യങ്ങള്‍ സ്വയം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ഓരോ വ്യക്തിയും തയ്യാറാവണം. ഒന്നിച്ചു നിന്ന് പലപ്രതിസന്ധികളെയും തരണം ചെയ്തത് പോലെ കൊറോണയെന്ന മഹാമാരിയെയും അതിജീവിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹോളില്‍ സംഘടിപ്പിച്ച യോഗത്തില്‍ എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍, എന്‍. എ നെല്ലിക്കുന്ന്, എം. രാജഗോപാലന്‍, എം. സി കമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി ബഷീര്‍, സബ് കളക്ടര്‍ അരുണ്‍ കെ. വിജയന്‍, എ. ഡി. എം എന്‍. ദേവീദാസ്, നീലേശ്വരം നഗരസഭാധ്യക്ഷന്‍ പ്രൊഫ.. കെ. പി ജയരാജന്‍, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷന്‍ വി. വി രമേശന്‍, കാസര്‍കോട് നഗരസഭാധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍, ഉപാധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
