
എ.ഐ.സി.സി അധ്യക്ഷ തിരഞ്ഞെടുപ്പ് വിവാദങ്ങൾ കൊഴുക്കവേ എതിർ സ്ഥാനാർഥിയായ മല്ലികാർജുൻ ഖാർഗെയോട് ശത്രുതയില്ലെന്ന് മുതിർന്ന നേതാവ് ശശി തരൂർ. പ്രചാരണത്തിൻ്റെ ഭാഗമായി മഹാരാഷ്ട്രയിൽ എത്തിയ തരൂർ മാധ്യമങ്ങളോട് സംസാരിക്കവെയാണ് നിലപാട് വ്യക്തമാക്കിയത്.
“കോൺഗ്രസിൽ സമൂലമായ മാറ്റം കൊണ്ടുവരാനാണ് താൻ ശ്രമിക്കുന്നത്. പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രവർത്തകരെല്ലാം പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോട് കൂറുപുലർത്തുന്നവരാണ്.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ കൂടുതൽ കരുത്തോടെ നേരിടാൻ കഴിവുള്ളവരെയാണ് പാർട്ടിക്ക് ആവശ്യം; തരൂർ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 20 വർഷമായി പാർലമെൻ്ററി സമിതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്ക് ഇപ്പോൾ നവീകരണം ആവശ്യമാണെന്നും തരൂർ പറഞ്ഞു.
