
മധ്യപ്രദേശില്‍ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ എം.എല്‍.എമാര്‍ക്ക് കൊവിഡ് ബാധയുണ്ടെന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ്. രണ്ടു എം.എല്‍.എമാര്‍ക്ക് കൊവിഡ് ബാധയുണ്ടെന്ന് സംശയമുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കോണ്‍ഗ്രസ് എം.എല്‍.എമാരെ ഞായറാഴ്ച പരിശോധയ്ക്ക് വിധേയമാക്കി. തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന നിയമസഭ കൊവിഡ് ഭീതിമൂലം നിര്‍ത്തിവെക്കാന്‍ സാധ്യതയുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
അതിനിടയിലാണ് എം.എല്‍.എമാര്‍ക്ക് കൊവിഡ് സംശയിക്കുന്നതായി കോണ്‍ഗ്രസ് പറയുന്നത്.കഴിഞ്ഞ കുറെ ദിവസങ്ങളായി ജയ്പൂരില്‍ തങ്ങിയിരുന്ന കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഭോപ്പാലിലേക്ക് തിരികെ വന്നിരുന്നു. അവരെ ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. സംസ്ഥാന ആരോഗ്യമന്ത്രി തരുണ്‍ ഭാനട്ട് അവരെ പരിശോധിക്കാനായി ഒരു സംഘം ഡോക്ടര്‍മാരെ ഹോട്ടലിലേക്ക് അയച്ചിരുന്നു.

ജയ്പൂരില്‍ നിന്നും മടങ്ങിയെത്തിയ എം.എല്‍.എമാരും ബംഗളൂരുവിലേക്കും ഹരിയാനയിലേക്കും പോയവരും കൊറോണ ടെസ്റ്റിന് വിധേയമാകണമെന്ന് മധ്യപ്രദേശിലെ പബ്ലിക് റിലേഷന്‍ മന്ത്രി പി.സി ശര്‍മ്മയും പറഞ്ഞു. ജയ്പൂരിലും ഹരിയാനയിലും വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ പരിശോധിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
കൊവിഡിനെ ലോകാരോഗ്യ സംഘടന ഒരു മഹാമാരിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും സ്‌കൂളുകളും, കോളേജുകളും താല്‍ക്കാലികമായി അടച്ചുപൂട്ടിയിട്ടുണ്ടെന്നും 20 ലധികം ആളുകളെ ശേഖരിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
