
കണ്ണൂർ: കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിക്ക് നാടിൻ്റെ അന്ത്യാഞ്ജലി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 54 വയസായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഈ മാസം 19നാണ് സതീശൻ പാച്ചേനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെ.പി.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അഞ്ചുതവണ നിയമസഭയിലേക്കും ഒരിക്കൽ പാലക്കാട് ലോക്‌സഭാ സീറ്റിലും മത്സരിച്ചിട്ടുണ്ട്.
തളിപ്പറമ്പിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തിലായിരുന്നു ജനനം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും കര്‍ഷക തൊഴിലാളികളുമായ പരേതനായ പാലക്കീല്‍ ദാമോദരൻ്റെയും മാനിച്ചേരി നാരായണിയുടെയും മൂത്ത മകനായി 1968 ജനുവരി അഞ്ചിനാണ് മാനിച്ചേരി സതീശന്‍ എന്ന സതീശന്‍ പാച്ചേനി ജനിച്ചത്. മാവിച്ചേരി കേസിൽ ഉള്‍പ്പെടെ നിരവധി തവണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി ജയില്‍ശിക്ഷ അനുഭവിക്കുകയും അനവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത പാച്ചേനി ഉറുവാടൻ്റെ കൊച്ചു മകനാണ്.

പാച്ചേനി സർക്കാർ എൽ.പി സ്‌കൂൾ, ഇരിങ്ങൽ യു.പി സ്‌കൂൾ, പരിയാരം സർക്കാർ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. കണ്ണൂർ എസ്എൻ കോളജിൽ നിന്ന് പ്രീഡിഗ്രിയും പയ്യന്നൂർ കോളജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും നേടി. കണ്ണൂർ സർക്കാർ പോളിടെക്നിക്കിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ നേടി.
എ.കെ ആൻ്റെണിയോടുള്ള ആദരവ് കെ.എസ്.യു.വിൽ അണിചേരാൻ പ്രേരണയായി. പരിയാരം ഹൈസ്‌കൂൾ പഠിക്കുമ്പോൾ ആദ്യമായി രൂപീകരിക്കപ്പെട്ട കെ.എസ്.യു യൂണിറ്റിൻ്റെ പ്രസിഡണ്ടായി. പിന്നീട് കണ്ണൂർ പോളിടെക്നിക്കിലും കെ.എസ്.യു യൂണിറ്റ് പ്രസിഡണ്ടായി. കെ.എസ്.യു താലൂക്ക് സെക്രട്ടറി, കണ്ണൂർ ജില്ലാ വൈസ്. പ്രസിഡണ്ട്, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി എന്നിങ്ങനെ 1999ൽ സംസ്ഥാന പ്രസിഡണ്ട് ആയി. കണ്ണൂരിൽ നിന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡണ്ടായ ഒരേയൊരു നേതാവ് കൂടിയായിരുന്നു അദ്ദേഹം. 2001മുതൽ തുടർച്ചയായ 11 വർഷം കെ.പി.സി.സി ജനറൽ സെക്രട്ടറി. 2016 ഡിസംബർ മുതൽ 2021 വരെ കണ്ണൂർ ഡി.സി.സി പ്രസിഡണ്ട്.
സി.പി.എം കോട്ടകളിൽ വമ്പൻ എതിരാളികൾക്കെതിരെ മത്സരിച്ചായിരുന്നു സതീശൻ പാച്ചേനിയുടെ തെരഞ്ഞെടുപ്പ് പോരാട്ടങ്ങൾ. നിയമസഭയിലേക്ക് രണ്ടുവട്ടം മലമ്പുഴയിൽ വി.എസ് അച്യുതാനന്ദനെതിരെയും ഒരുവട്ടം തളിപ്പറമ്പിൽ എം.വി ഗോവിന്ദനെതിരെയും പാച്ചേനി സ്ഥാനാർത്ഥിയായി. തളിപ്പറമ്പ് അർബൻ കോ -ഓപ്പറേറ്റീവ് ബാങ്കിൽ ജീവനക്കാരിയായ കെ .വി റീനയാണ് ഭാര്യ. മക്കൾ: ജവഹർ, സാനിയ.
കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുടെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഊര്‍ജസ്വലനായ പൊതു പ്രവര്‍ത്തകനെയാണ് സതീശന്‍ പാച്ചേനിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍:
കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ഡി.സി.സി മുന്‍ അധ്യക്ഷനുമായ സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു. ഊര്‍ജസ്വലനായ പൊതു പ്രവര്‍ത്തകനെയാണ് സതീശന്‍ പാച്ചേനിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത്. സൗമ്യതയും സൗഹൃദവും അദ്ദേഹം തൻ്റെ ഇടപെടലുകളിലാകെ പുലര്‍ത്തിയിരുന്നു. സതീശൻ്റെ ബന്ധു മിത്രാദികളുടെയും കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ അനുശോചിച്ചു.
കെ.സുധാകരൻ്റെ വാക്കുകള്‍:
കോണ്‍ഗ്രസ് പ്രസ്ഥാനത്തെ പ്രാണവായുപോലെ സ്നേഹിച്ച സഹോദരതുല്യനായ പൊതു പ്രവര്‍ത്തകനായിരുന്നു സതീശനെന്ന് പറഞ്ഞു. ആത്മാര്‍ത്ഥത, ഊര്‍ജ്ജസ്വലത, സത്യസന്ധത എന്ന വാക്കുകളുടെ പര്യായമായി സതീശന്‍ പാച്ചേനിയെന്ന് രേഖപ്പെടുത്തിയാല്‍ ഒട്ടും അതിശയോക്തിയില്ല. കോണ്‍ഗ്രസ് ആശയവും ആദര്‍ശവും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിച്ചതിൻ്റെ പേരില്‍ സ്വന്തം കുടുംബത്ത് നിന്നും പടിയിറക്കപ്പെട്ടിട്ടും തളരാതെ പോരാടി ത്യാഗ നിര്‍ഭരമായ ജീവിതം നയിച്ച പൊതു പ്രവര്‍ത്തകനാണ് സതീശന്‍.
