Categories
entertainment Kerala news

അനുവാദമില്ലാതെ സിനിമയിൽ ഫോട്ടോ ഉപയോഗിച്ചു; ആൻറണി പെരുമ്പാവൂർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

തൃശൂർ: അനുവാദമില്ലാതെ അപകീർത്തി വരും വിധം സിനിമയിൽ ഫോട്ടോ ഉപയോഗിച്ചെന്ന പരാതിയിൽ നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ 1,68,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. ചാലക്കുടി മുൻസിഫ് കോടതിയാണ് 1,00,000 രൂപ പരാതിക്കായിരിക്കും 68,000 രൂപ കോടതി നടത്തിപ്പിനുമായി പിഴ ചുമത്തിയത്. ചാലക്കുടി കാടുകുറ്റി സ്വദേശിയായ പ്രിൻസി ഫ്രാൻസിസിൻ്റെ പരാതിയിലാണ് കോടതി നടപടിയെടുത്തത്. ആൻറണി പെരുമ്പാവൂർ നിർമിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത് 2016 ൽ പുറത്തിറങ്ങിയ ‘ഒപ്പം’ സിനിമയിൽ പ്രിൻസി ഫ്രാൻസിസിൻ്റെ ഫോട്ടോ അനുമതിയില്ലാതെ ഉൾപ്പെടുത്തിയെന്നായിരുന്നു പരാതി. സിനിമയുടെ 29ാം മിനിറ്റിൽ പോലീസ് ക്രൈം ഫയൽ മറിക്കുമ്പോൾ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് പ്രിൻസി ഫ്രാൻസിസിൻ്റെ ഫോട്ടോ ഉപയോഗിച്ചത്​.

ബ്ലോഗിൽനിന്ന് ഡൗൺലോഡ് ചെയ്ത് അനുമതിയില്ലാതെ ഉപയോഗിച്ചത് മാനസിക വിഷമത്തിന് കാരണമായെന്ന്​ കാണിച്ച്​ കൊരട്ടി പോലീസിലാണ് യുവതി ആദ്യം പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കേസെടുക്കാത്തതോടെ പരാതിക്കാരി കോടതിയെ സമീപിക്കുകയായിരുന്നു. 2017ൽ ചാലക്കുടി കോടതിയിലാണ് യുവതി പരാതി നൽകിയത്. നീണ്ട എട്ടു​ വർഷത്തെ നിയമപോരാട്ടത്തിനാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്. നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ, സംവിധായകൻ പ്രിയദർശൻ എന്നിവർക്ക് പുറമേ അസി. ഡയറക്ടർ മോഹൻദാസിനെയും കേസിൽ ഉൾപ്പെടുത്തിയിരുന്നു. ഫോട്ടോ അധ്യാപികയുടേതല്ലെന്നാണ്​ എതിർകക്ഷികൾ വാദിച്ചത്​. സിനിമയിൽനിന്ന്​ ഈ ഭാഗം ഒഴിവാക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിനിമാ പ്രവർത്തകർ സാങ്കേതികത്ത്വം പറഞ്ഞ് അത് നിഷേധിച്ചു. ഇതോടെയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *