സഖാവിന് കരൾ പകുത്ത് നൽകിയ സഖാവ്; വനിതാ നേതാവ് ഒട്ടും മടിച്ചില്ല, ഒരു ജീവൻ രക്ഷിക്കാൻ മുന്നോട്ടുവച്ചത് ഒറ്റ നിബന്ധന മാത്രം

You are currently viewing സഖാവിന് കരൾ പകുത്ത് നൽകിയ സഖാവ്; വനിതാ നേതാവ് ഒട്ടും മടിച്ചില്ല, ഒരു ജീവൻ രക്ഷിക്കാൻ മുന്നോട്ടുവച്ചത് ഒറ്റ നിബന്ധന മാത്രം

സഹപ്രവര്‍ത്തകന് പ്രതിസന്ധി ഘട്ടത്തില്‍ സ്വന്തം കരള്‍ പകുതി നല്‍കി ഡി.വൈ.എഫ്.ഐ വനിതാ നേതാവ്. കരള്‍ രോഗബാധിതനായി ചികിത്സയില്‍ കഴിയുന്ന സി.പി.ഐ(എം) പേരൂര്‍ക്കട ഏരിയാ സെക്രട്ടറി എസ്.എസ് രാജാലാലിന് കരകുളം മേഖലാ ജോയിന്റ് സെക്രട്ടറി പ്രിയങ്ക നന്ദയാണ് കരള്‍ നല്‍കിയത്. രാജാലാലിൻ്റെ ആരോഗ്യസ്ഥിതി മോശമായതോടെ കരള്‍ യോജിക്കുമെങ്കില്‍ നല്‍കാന്‍ സന്നതയാണെന്ന് പ്രിയങ്ക അറിയിക്കുകയായിരുന്നു.

തീരുമാനം സ്വയമെടുത്തതാണന്നും മറ്റു താല്പര്യങ്ങളോ മറ്റുള്ളവരുടെ സ്വാധീനമോ ഒന്നും തന്നെയില്ലെന്നും പ്രിയങ്ക പറയുന്നു. ഒരു നിബന്ധന മാത്രമാണ് മുന്നോട്ടുവച്ചത്. ശസ്ത്രക്രിയ കഴിയുന്നതുവരെ ദാതാവ് ആരാണെന്ന് പുറത്തുപറയരുത് എന്നത് മാത്രമായിരുന്നു അത്.

പന്ത്രണ്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയുടെ അനുഭവങ്ങള്‍ പങ്കുവച്ച്‌ പ്രിയങ്ക പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധനേടുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം:

ഞാന്‍ പ്രിയങ്ക . DYFI പേരൂര്‍ക്കട ബ്ലോക്ക് കമ്മിറ്റി അംഗവും DYFI കരകുളം മേഖല ജോ. സെക്രട്ടറിയുമാണ്.കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളില്‍ എൻ്റെ ജീവിതത്തിലെ എന്റെ തീരുമാനങ്ങളിലെ പ്രധാന അനുഭവങ്ങളിലൂടെയാണ് ഞാന്‍ കടന്നു പൊയ് കൊണ്ടിരിക്കുന്നത്. CPIM പേരൂര്‍ക്കട ഏരിയാ സെക്രട്ടറി സ:ട. ട. രാജലാലിൻ്റെ അസുഖ വിവരങ്ങളെ കുറിച്ച്‌ ചെറുതായി അറിയുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമായി ഏണിക്കര ബ്രാഞ്ച് സെക്രട്ടറി സ: പ്രശാന്തേട്ടന്റെ കടയില്‍ വെച്ച്‌ സ: രാജ ലാലിൻ്റെ അസുഖത്തെ കുറിച്ചും ഡോണറെ പറ്റിയുള്ള സംഭാഷണങ്ങളെ കുറിച്ചും കേള്‍ക്കാനിടയായി. കരകുളത്തിന്റെ പ്രിയ നേതാവ്…. ഏതു പ്രതിസന്ധി ഘട്ടങ്ങളിലും പാര്‍ട്ടിയ്ക്കൊപ്പം, പാര്‍ട്ടിക്കാരനൊപ്പം നിലക്കുന്ന കരകുളത്തിന്റെ പ്രിയപ്പെട്ടവന്‍….. പ്രദേശത്തെ ഏത് ജനകീയ പ്രശ്നങ്ങളിലും മുന്നിട്ടു നില്കുന്നവന്‍….

”വൈകിട്ട് വീട്ടില്‍ ചെന്ന് സ. പ്രശാന്തേട്ടനെ വിളിച്ചു” എന്റെ കരള്‍ മാച്ചാവുമെങ്കില്‍ ഡോണറാകാന്‍ ഞാന്‍ തയ്യാറാണ്”. പ്രശാന്തേട്ടന്‍ വിശ്വാസമില്ലാതെയാണ് കേട്ടതെങ്കിലും എൻ്റെ തീരുമാനത്തിലെ സ്ഥൈര്യത കൊണ്ടാകണം കരകുളം ലോക്കല്‍ സെക്രട്ടറി അജിസഖാവിനോടു സംസാരിക്കുകയുണ്ടായി. എന്റെ തീരുമാനം ഞാന്‍ സ്വയമെടുത്തതാണന്നും മറ്റു താല്പര്യങ്ങളോ മറ്റുള്ളവരുടെ സ്വാധീനമോ ഒന്നും തന്നെയില്ലന്ന് ഞാന്‍ ആത്മാര്‍ത്ഥമായി തന്നെ പറഞ്ഞു. അതവര്‍ക്ക് വിശ്വാസമായതോടെ സര്‍ജറിയുമായി ബന്ധപ്പെട്ട അടുത്ത ഘട്ടത്തിലേക്ക് കടന്നു. എനിക്ക് ഒരു കണ്ടീഷനേ ഉണ്ടായിരുന്നുള്ളൂ. സര്‍ജറി കഴിയുന്നതുവരെ ഡോണര്‍ ആരന്ന് പറയരുതെന്ന് .

എൻ്റെ കരള്‍ മാച്ചാണോ മറ്റു പരിശോധനകള്‍ എന്നിവയ്ക്കായി ഞാനും അമ്മയും മകളുമായി എറണാകുളം ആസ്റ്ററിലേക്ക് …. റിസള്‍ട്ട് വന്നു…. മാച്ചാണ്. വളരെ സന്തോഷമായി. ഈ സമയത്ത് സ. രാജലാലിൻ്റെ ആരോഗ്യസ്ഥിതി വളരെ മോശമാണന്നും എത്രയും പെട്ടന്ന് സര്‍ജറി വേണമെന്നും ആശുപത്രിയില്‍ നിന്ന് അറിയിച്ചതിൻ്റെ അടിസ്ഥാനത്തില്‍ ജൂലൈ 11ന് എന്നെ അഡ്മിറ്റ് ചെയ്തു. ഡോക്ടര്‍ റിവ്യൂ നടത്തി കാര്യങ്ങളൊക്കെ വിശദമാക്കി. 12 ന് രാവിലെ സര്‍ജറി തീരുമാനിച്ചു. മാനസികാവസ്ഥ നല്ല സമ്മര്‍ദ്ദത്തിലായിരുന്നു. എന്ത് തന്നെ ആയാലും ജീവിച്ചിരിക്കുമ്പോള്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യമാണിതെന്നും ആകെയുള്ള ഒരു ജന്‍മം കൊണ്ട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നന്‍മയാണിതെന്നും ഞാന്‍ ഉറച്ചു വിശ്വസിച്ചു.

ജൂലൈ 12 ന് രാവിലെ ഏകദേശം 12 മണിക്കൂറോളം നീണ്ടു നിന്ന സര്‍ജറി. 7 ദിവസം ഐ സി യുവില്‍ . വേദനകളും അസ്വസ്ഥതകളും സമ്മിശ്രമായി മാറി മറിഞ്ഞ ദിനരാത്രങ്ങള്‍…. കുഞ്ഞിനെ കാണാന്‍ കഴിയാത്ത സങ്കടങ്ങള്‍ … വേദനകള്‍ എല്ലാമുണ്ടെങ്കിലും അതിനപ്പുറം വിണ്ണില്‍ പാറി പറക്കുന്ന ചെങ്കൊടി നല്‍കുന്ന ആത്മവിശ്വാസം… അപാരമായ മാനവികതയുടെ സ്നേഹം…പിന്നെ പതിയെ പതിയെ സാധാരണ ദിവസങ്ങളിലേക്ക് ….

ഇന്ന് തിരികെ കരകുളത്ത് എത്തി. സ: ട. ട. രാജലാല്‍ തിരികെ സാധാരണ ജീവിതത്തിലേക്ക് വന്നു കൊണ്ടിരിക്കുന്നു.

ഞാന്‍ സ്വന്തമായി എടുത്ത തീരുമാനത്തില്‍ – പ്രലോഭനങ്ങള്‍ കൊണ്ട് എന്നെ കൊണ്ടു പോയതാണന്ന് പറഞ്ഞവര്‍, നിരുത്സാഹപ്പെടുത്തിയവര്‍, വിമര്‍ശിച്ചവര്‍, ഒറ്റപ്പെടുത്തിയവര്‍, ഒക്കെയായവര്‍ക്കും നന്ദി…..

ഒറ്റപ്പെടുത്തി കൂടുതല്‍ കരുത്തയാക്കിയതിന് …

ചിന്തകള്‍ക്ക് തെളിമ നല്‍കിയതിന് …

തീരുമാനങ്ങള്‍ക്ക് ഉറപ്പേകിയതിന് …

എൻ്റെ തീരുമാനങ്ങള്‍ക്ക് ഒപ്പം നിന്നവര്‍ക്ക്, സ്നേഹം അറിയിച്ചവര്‍ക്ക്, കൂടെ കൂടിയവര്‍ക്ക്, പ്രശാന്തേട്ടന്‍, അജിസഖാവ്, സിന്ധു ചേച്ചി, എന്റെ മോളെ ഒരു മാസം പൊന്നുപോല നോക്കിയ അജന ചേച്ചിക്ക്, പ്രവീണ്‍ ചേട്ടന്‍, അരുണ്‍ ചേട്ടന്‍ ,ആദ്യം മുതല്‍ ഒപ്പം നിന്ന CPIM തിരുവനന്തപുരം ജില്ലാകമ്മറ്റിക്ക് ജില്ലാ സെക്രട്ടറി സ: ആനാവൂര്‍ നാഗപ്പന്‍ , സ : കടകംപള്ളി സുരേന്ദ്രന്‍ , DYFI തിരുവനന്തപുരം ജില്ലാ കമ്മറ്റി, മനക്കരുത്തും ആത്മവിശ്വാസവും നല്‍കി കൂടെ നിന്ന പ്രിയപ്പെട്ടവര്‍, കരകുളം സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും,KCEU (CITU), പ്രവര്‍ത്തകര്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍, മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍….. എറണാകുളത്തെ പ്രിയ സഖാക്കള്‍…..പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരായിരം സഖാക്കളോട് സ്നേഹം മാത്രം.

ഒന്നേ പറയാനുള്ളൂ…

ഈ ചെങ്കൊടി

കരുത്താണ് …

രക്തസാക്ഷികള്‍ ജീവന്‍ കൊടുത്തുയര്‍ത്തിയ പ്രസ്ഥാനം …

ഇവിടെ ഒരായിരം പേരുണ്ടാകും കരുത്തും കരളും നല്കാന്‍…

പ്രിയപ്പെട്ട രാജലാല്‍ സഖാവേ അങ്ങ് പെട്ടന്ന് കരുത്തനായി വരിക…

ഓരോ കമ്മ്യണിസ്റ്റ്‌ കാരനേയും ഈ നാടിനു വേണം…

കരുത്താകാന്‍ …

കാവലാളാകാന്‍ …

ലാല്‍ സലാം സഖാക്കളേ…

നമ്മളല്ലാതാര് സഖാക്കളേ …

0Shares