കാലിക്കറ്റ് സര്‍വകലാശാല പ്രൊഫസര്‍ നിയമനം; ജോസഫ് സ്‌കറിയക്കെതിരെ പരാതി, ഓണ്‍ലൈന്‍ അപേക്ഷയിൽ പത്ത് ഗവേഷണ ജേര്‍ണലുകള്‍ ഇല്ല

You are currently viewing കാലിക്കറ്റ് സര്‍വകലാശാല പ്രൊഫസര്‍ നിയമനം; ജോസഫ് സ്‌കറിയക്കെതിരെ പരാതി, ഓണ്‍ലൈന്‍ അപേക്ഷയിൽ പത്ത് ഗവേഷണ ജേര്‍ണലുകള്‍ ഇല്ല

തേഞ്ഞിപ്പാലം / മലപ്പുറം: കലിക്കറ്റ് സര്‍വകലാശാലാ മലയാള വിഭാഗം പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിച്ച ഡോ. ജോസഫ് സ്കറിയക്കെതിരെ പരാതി. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഇദ്ദേഹം മതിയായ യോഗ്യത കാണിച്ചിട്ടില്ലെന്നും അതിനാല്‍ ഇൻ്റെര്‍വ്യൂ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു അപേക്ഷകന്‍ ഡോ. സി.ജെ ജോര്‍ജാണ് വൈസ്. ചാന്‍സലര്‍ക്ക് പരാതി നല്‍കിയത്. ജോസഫ് സ്കറിയ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജോര്‍ജ് കക്ഷി ചേര്‍ന്നിട്ടുമുണ്ട്. കണ്ണൂര്‍ സര്‍വകലാശാലാ നിയമനത്തിനെതിരെ കോടതിയെ സമീപിച്ച വ്യക്തിയാണ് ജോസഫ് സ്കറിയ.

കണ്ണൂര്‍ സര്‍വകലാശാലാ മലയാളം അസോസിയറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയിലുള്‍പ്പെട്ട ജോസഫ് സ്കറിയ കലിക്കറ്റില്‍ നല്‍കിയ അപേക്ഷയില്‍ അപാകമുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു.

കലിക്കറ്റില്‍ മലയാള വിഭാഗം പ്രൊഫസര്‍ തസ്തികയിലെ അഭിമുഖത്തില്‍ കോടതിയുടെ താല്‍ക്കാലിക വിധിയുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹം പങ്കെടുത്തത്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല.

പത്ത് ഗവേഷണ ജേര്‍ണലുകള്‍ വേണമെന്നതാണ് തസ്തികയുടെ യോഗ്യത. ഓണ്‍ലൈനായി അപേക്ഷിച്ചപ്പോള്‍ ജോസഫ് സ്കറിയക്ക് ഒമ്പത് ജേര്‍ണൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഹാര്‍ഡ് കോപ്പി നല്‍കിയപ്പോള്‍ പത്തെണ്ണമുണ്ടെന്ന് അവകാശപ്പെട്ടു. ഓണ്‍ലൈന്‍ അപേക്ഷ നല്‍കുമ്പോഴുള്ള യോഗ്യതയേ പരിഗണിക്കാവൂ എന്നാണ് നിയമം. അതിനെതിരെ ഹൈക്കോടതിയെ സമീപിച്ചാണ് ജോസഫ് സ്കറിയ അഭിമുഖത്തില്‍ പങ്കെടുത്തത്. റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്നും വീണ്ടും ഇൻ്റെര്‍വ്യൂ നടത്തണമെന്നും സി.ജെ ജോര്‍ജ് പരാതിയില്‍ ആവശ്യപ്പെട്ടു.

0Shares