
മുംബൈ: ദ്രാവക രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച കൊക്കെയ്ന്‍ പിടികൂടി. മുംബൈ വിമാന താവളത്തില്‍ നിന്ന് ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇൻ്റെലിജന്‍സാണ് ലഹരിമരുന്ന് പിടികൂടിയത്. വിപണിയില്‍ 20 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്‌നാണ് കണ്ടെടുത്തതെന്ന് ഡി.ആര്‍.ഐ അറിയിച്ചു.
രണ്ട് വിസ്‌കി ബോട്ടിലുകളില്‍ ഒളിപ്പിച്ചായിരുന്നു ലിക്വിഡ് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ നൈജീരിയന്‍ സ്വദേശി പിടിയിലായി. 3.5 കിലോ ഗ്രാം കൊക്കെയ്‌നാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചതെന്ന് ഡി.ആര്‍.ഐ പറയുന്നു. നവംബര്‍ 24ന് ആഡിസ് അബാബ വഴി ലാഗോസില്‍ നിന്ന് മുംബൈയിലെത്തിയ യാത്രക്കാരനായിരുന്നു പ്രതി.

ലഹരിക്കടത്തിനെ കുറിച്ച് രഹസ്യ വിവരം ലഭിച്ച ഡി.ആര്‍.ഐ സംഘം വിമാന താവളത്തിനുള്ളില്‍ വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് നൈജീരിയന്‍ സ്വദേശിയില്‍ നിന്ന് രണ്ട് ബോട്ടില്‍ വിസ്‌കി കണ്ടെടുത്തത്. ഓരോ ലിറ്റര്‍ വീതമുള്ള രണ്ട് ബോട്ടിലുകളായിരുന്നു.
ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റ് ഉപയോഗിച്ച് വിസ്‌കി പരിശോധിച്ചപ്പോഴാണ് അതില്‍ ലഹരി മരുന്ന് അടങ്ങിയിട്ടുണ്ടെന്ന വിവരം ഡി.ആര്‍.ഐ കണ്ടെത്തിയത്. തിരിച്ചറിയാന്‍ ഏറെ പ്രയാസമുള്ള വിധത്തിലായിരുന്നു ലിക്വിഡ് രൂപത്തിലുള്ള കൊക്കെയ്ന്‍ ഉണ്ടായിരുന്നതെന്നും സംഘം പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
