
കേരളാ തീരത്ത് അതിർത്തി ലംഘിച്ചെത്തിയ മൂന്ന് ശ്രീലങ്കൻ ബോട്ടുകൾ തീരസംരക്ഷണ സേന പിടികൂടി. 19 പേർ ബോട്ടിലുണ്ടെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത ബോട്ടുകളിൽ മയക്കുമരുന്നും അനധികൃത ആശയവിനിമയ ഉപകരണങ്ങളും ഉണ്ടായിരുന്നതായി കോസ്റ്റ് ഗാർഡ് വ്യക്തമാക്കി. അക്ഷര ദുവാ, ചാതുറാണി 03, ചാതുറാണി 08 എന്നീ ബോട്ടുകളാണ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തത്.

ഇതിൽ അക്ഷര ദുവ ബോട്ടിൽ നിന്നും പാകിസ്ഥാനിൽ നിന്നുള്ള 200 കിലോ ഹെറോയിനും 60 കിലോ ഹാഷിഷും കണ്ടെത്തി എന്നാണ് വിവരം. ഇതടങ്ങിയ പാക്കറ്റുകൾ കോസ്റ്റ് ഗാർഡിനെ കണ്ടെത്തിയതിനെ തുടർന്ന് കടലിൽ എറിഞ്ഞു കളഞ്ഞതായാണ് ബോട്ടിലെ ക്യാപ്റ്റൻ പറയുന്നതെന്നും രക്ഷപ്പെടാനായിരുന്നു ഇവരുടെ ശ്രമമെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.
മയക്കുമരുന്ന് കടത്ത് സംഘമാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് സംശയം. ഇവരെ നാർക്കോട്ടിക് കൺട്രോൾ വിഭാഗവും ഐ.ബി ഉദ്യാഗസ്ഥരും കോസ്റ്റ് ഗോർഡും ചോദ്യം ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് ഉള്ള സാഹചര്യത്തിൽ തീരദേശത്ത് പരിശോധന ശക്തമാക്കിയിരുന്നു.
