
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരെ കാലിക്കറ്റ് സർവകലാശാലയിൽ പരാതി. പരീക്ഷയ്ക്ക് ഹാജരാകാതെ കോളേജിനെ സ്വാധീനിച്ച് മാർക്ക് നേടിയെന്നാണ് നവാസിനെതിരെയുള്ള പരാതി. സഹപാഠിയായ പ്രദീപ് എന്നയാളാണ് നവാസിനെതിരെ പരാതിയുമായി സർവകലാശാലയെ സമീപിച്ചിരിക്കുന്നത്.
എൽ.എൽ.ബിയുടെ ഒന്നാം സെമസ്റ്ററിൻ്റെ വൈവ പരീക്ഷയിൽ ഒരു തവണ പോലും നവാസ് ഹാജരായിട്ടില്ലെന്നും എന്നാൽ പരീക്ഷാഫലം വന്നപ്പോൾ പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികളേക്കാൾ മികച്ച മാർക്ക് നവാസിന് ലഭിക്കുകയായിരുന്നുവെന്നുമാണ് പ്രദീപ് പറയുന്നത്.

കോളേജിലെ പരാതി പരിഹാര സെല്ലിന് അപേക്ഷ നൽകി അവരാണ് നവാസിന് മാർക്ക് അനുവദിച്ചതെന്നും എന്നാൽ പരീക്ഷയ്ക്കെത്താത്ത വിദ്യാർത്ഥികൾക്ക് മാർക്ക് നൽകുന്നത് യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പരാതി പരിഹാര സെല്ലിനാണ് പ്രദീപ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. നവാസിന് മാർക്ക് നൽകിയിരിക്കുന്നത് വഴിവിട്ട രീതിയിലാണെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
മുസ്‌ലിം ലീഗിന് കീഴിലുള്ള എം.സി.ടി കോളേജ് അധികൃതർ സർവകലാശാലാ ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായാണ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റിന് മാർക്ക് നൽകിയതെന്നും പരാതിക്കാരൻ പറയുന്നു. ആകെ നടന്ന നാല് പരീക്ഷകളിൽ ഒന്നുപോലും നവാസ് എഴുതിയിട്ടില്ല എന്ന രേഖകൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ തങ്ങൾ യാതൊരു വിധത്തിലുള്ള ചട്ടലംഘനങ്ങളും നടത്തിയിട്ടില്ല എന്നാണ് കോളേജ് അധികൃതരുടെ വാദം.
