
ചൈനയുടെ ചാര ബലൂണുകൾ ബ്രിട്ടനെയും ലക്ഷ്യമിട്ടേക്കുമെന്ന് റിപ്പോർട്ടുകൾക്കിടെ, രാജ്യത്തിൻ്റെ സുരക്ഷ നിലനിർത്താൻ എന്തു വേണമെങ്കിലും ചെയ്യുമെന്ന് യു. കെ പ്രധാനമന്ത്രി ഋഷി സുനക്. അമേരിക്കൻ വ്യോമാതിർത്തിക്ക് മുകളിലൂടെ പറക്കുന്ന നാലാമത്തെ വസ്തുവും അമേരിക്ക വെടിവെച്ചിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
”രാജ്യത്തെ സുരക്ഷിതമായി നിലനിർത്താൻ ഞങ്ങൾ ആവശ്യമായതെല്ലാം ചെയ്യും,” സുനക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആവശ്യമെങ്കിൽ ഏതെങ്കിലും ചാര ബലൂണുകൾ വെടിവയ്ക്കാൻ യു.കെ യുദ്ധവിമാനങ്ങൾ വിക്ഷേപിക്കാൻ തയ്യാറാണെന്നും ഋഷി സുനക് കൂട്ടിച്ചേർത്തു.

രാജ്യത്തെ സുരക്ഷിതമായി നിലനിർത്താൻ റോയൽ എയർ ഫോഴ്സിൻ്റെ ടൈഫൂൺ ജെറ്റുകളുടെ ‘ക്വിക്ക് റിയാക്ഷൻ അലർട്ട് ഫോഴ്‌സ്’ വ്യോമാതിർത്തിയിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ, ദേശീയ സുരക്ഷാ കാര്യങ്ങൾ സംബന്ധമായ കൂടുതൽ വിശദമായ പ്രതികങ്ങൾ ഋഷി സുനക് നടത്തിയില്ല.പടിഞ്ഞാറൻ വ്യോമാതിർത്തിയിൽ യു.എസ് സൈന്യം നിരവധി അജ്ഞാത വസ്തുക്കൾ വെടിവച്ചിട്ടതിന് ശേഷം യു.കെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ് സുരക്ഷാ അവലോകനം നടത്തിയിരുന്നു.
ചൈനയുടെ ചാര ബലൂണുകൾ ഇതിനകം യു.കെയിൽ പറന്നിരിക്കാൻ സാധ്യതയുണ്ടെന്ന് ഗതാഗത സെക്രട്ടറി റിച്ചാർഡ് ഹോൾഡൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് രാജ്യത്തെ സുരക്ഷിതമായി നിലനിർത്താൻ എല്ലാ കഴിവുകളും യു.കെയ്ക്ക് ഉണ്ടെന്ന് പൊതുജനങ്ങൾക്ക് ഉറപ്പുനൽകാൻ ഋഷി സുനക് തയാറായത്.
