
തിരുവനന്തപുരം: നൂറാം പിറന്നാൾ ആഘോഷിക്കുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ വീട്ടിലെത്തി ആശംസകൾ അറിയിച്ചു. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി.എസ് എന്ന് പിണറായി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയും മുഖ്യമന്ത്രി പിറന്നാൾ ആശംസ അറിയിച്ചിരുന്നു.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം:
ആധുനിക കേരളത്തിൻ്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി.എസ് അച്യുതാനന്ദൻ്റെത്. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതിൽ വി.എസ് അടക്കമുള്ള നേതാക്കൾ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണ്.
ഐക്യകേരളം രൂപപ്പെടുന്നതിന് മുമ്പ് സ്വേച്ഛാധിപത്യത്തിനും രാജാധികാരത്തിനും ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എല്ലാമെതിരെ ഉജ്ജ്വലമായ സമരങ്ങൾ അദ്ദേഹം നയിച്ചു. ഐക്യകേരളം രൂപീകരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി.എസ്.

1940ൽ 17-ാം വയസ്സിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ വി.എസ് പിന്നീട് സി.പി.ഐ.എം കെട്ടിപ്പടുക്കുന്നതിലും അതിനെ വലിയ രാഷ്ട്രീയ ശക്തിയാക്കി ഉയർത്തിയെടുക്കുന്നതിലും സുപ്രധാനമായ പങ്കുവഹിച്ചു. 1964ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ഭിന്നിപ്പുണ്ടായപ്പോൾ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.ഐ (എം) രൂപീകരിച്ച 32 പേരിൽ കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി.എസ്.
സി.പി.ഐ എമ്മിൻ്റെ സംസ്ഥാന സെക്രട്ടറിയായും പോളിറ്റ് ബ്യൂറോ അംഗമായും അദ്ദേഹം ഉയർന്നു. കുട്ടനാട്ടിലെ കർഷക തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും കയർത്തൊഴിലാളികളുടെ സമരത്തിന് നേതൃത്വം നൽകുന്നതിനും തൻ്റെ കൗമാരവും യൗവ്വനവും അദ്ദേഹം ഉപയോഗിച്ചു.
പുന്നപ്ര വയലാർ സമര ഘട്ടത്തിൽ തന്നെ ശ്രദ്ധേയനായിരുന്നു വി.എസ് എന്നു നമുക്കറിയാം. ആ കാലത്തെ ഇന്നത്തെ കാലവുമായി ബന്ധിപ്പിച്ചു നിർത്തുന്ന വിലപ്പെട്ട കണ്ണിയാണ് ആ ജീവിതം. ജീവിതത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും അദ്ദേഹം തീവ്രമായ സമരോത്സുകത പ്രകടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണം അടക്കമുള്ള മേഖലകളിൽ ആ സമരോത്സുകത പടർന്നു.
തൻ്റെ ജീവിതത്തിലുടനീളം നിസ്വവിഭാഗങ്ങളോടൊപ്പം നിലകൊള്ളുകയാണ് അദ്ദേഹം ചെയ്‌തിട്ടുള്ളത്. അതുകൊണ്ടു തന്നെ വി.എസിന് നൂറു വയസ് തികയുന്ന വേള തൊഴിലാളി പ്രസ്ഥാനങ്ങൾക്കും പുരോഗമന പ്രസ്ഥാനങ്ങൾക്കും കമ്യൂണിസ്റ്റ് പാർട്ടിക്കും മാത്രമല്ല നാടിനാകെ തന്നെയും സന്തോഷത്തിൻ്റെയും അഭിമാനത്തിൻ്റെയും അവസരമാണ്. സഖാവ് വി.എസിന് പിറന്നാൾ ആശംസകൾ നേരുന്നു.
