തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാനുളള നിശ്ചയദാർഢ്യം; കണിശതയും കാർക്കശ്യവും കൊണ്ട് വ്യത്യസ്തൻ, വക്കം പുരുഷോത്തമൻ്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • Post category:Kerala / news / obitury
  • Reading time:1 min read
You are currently viewing തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാനുളള നിശ്ചയദാർഢ്യം; കണിശതയും കാർക്കശ്യവും കൊണ്ട് വ്യത്യസ്തൻ, വക്കം പുരുഷോത്തമൻ്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: തലമുതിർന്ന കോൺഗ്രസ് നേതാവും നിയമസഭാ സ്പീക്കറും ഗവർണറും മുൻ മന്ത്രിയുമായ വക്കം പുരുഷോത്തമൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. കോൺഗ്രസിലെ ഏറ്റവും തല മുതിർന്ന നേതാക്കളിലൊരാളെയാണ് വക്കം പുരുഷോത്തമൻ്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പാർലമെൻ്റെറിയൻ, വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്നീ നിലകളിൽ സ്വതസിദ്ധമായ വ്യക്തിമുദ്ര പതിപ്പിച്ച വക്കം പുരുഷോത്തമൻ സ്പീക്കർ പദവിയിലും ഗവർണർ പദവിയിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. അഭിഭാഷക വൃത്തിയിൽ നിന്ന് കോൺഗ്രസ്സ് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹത്തിൻ്റെ നേതൃശേഷി പൊതുവിൽ അംഗീകരിക്കപ്പെട്ടതായിരുന്നുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

വിവിധ സ്ഥാനങ്ങളിൽ ഇരിക്കെ തൻ്റെ ഭരണപാടവവും കണിശതയും കാർക്കശ്യവും മുറുക്കിപ്പിടിച്ചു കൊണ്ടാണ് വക്കം വ്യത്യസ്തനായത്. തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകൾ സ്പീക്കർ ആയിരിക്കെയും മന്ത്രി ആയിരിക്കെയും അദ്ദേഹം അണുവിട ചാഞ്ചല്യമില്ലാതെ മുറുകെപ്പിടിച്ചു. വിവാദങ്ങൾ ഉണ്ടായപ്പോഴും തൻ്റെ തീരുമാനങ്ങളിൽ ഉറച്ചുനിന്ന് മുന്നോട്ടു പോകാനുള്ള നിശ്ചയദാർഢ്യം അദ്ദേഹം പ്രകടിപ്പിച്ചു.

വൈഷമ്യമേറിയ ഒരു ഘട്ടത്തിൽ കേരളത്തിലെ കോൺഗ്രസിൻ്റെ സംഘടനാരൂപം കാര്യക്ഷമമാക്കി നിലനിർത്തുന്നതിൽ വലിയ പങ്കാണ് വക്കം വഹിച്ചത്. മന്ത്രിയെന്ന നിലയിൽ വികസനോന്മുഖമായ വീക്ഷണം പുലർത്താൻ ശ്രദ്ധിച്ചു. കേരളത്തിൻ്റെ പൊതുവായ ആവശ്യങ്ങൾ കേന്ദ്രത്തിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ എം.പി എന്ന നിലയിൽ സദാ സന്നദ്ധത പുലർത്തിയിരുന്നു.

അതേസമയം വക്കം പുരുഷോത്തമൻ്റെ നിര്യാണത്തിൽ മുൻ സ്പീക്കറും മന്ത്രിയുമായ കെ.രാധാകൃഷ്ണൻ മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ്, പ്രതിപക്ഷ നേതാവ്, സ്പീക്കർ മറ്റ് നേതാക്കളും അനുശോചനം രേഖപ്പെടുത്തി.

0Shares