
ചെർക്കള (കാസർകോട്): ചെങ്കള പഞ്ചായത്തിലെ ചെണ്ടത്തോടി പാലം അപകടാവസ്ഥയിൽ. അധികൃതരുടെ ശ്രദ്ധയാകർഷിച്ച് നാട്ടുകാർ. ചെങ്കള പഞ്ചായത്ത് 5,6 വാർഡുകളെ ബന്ധിപ്പിക്കുന്ന കോൺഗ്രീറ്റ് പാലമാണിത്. അപകടം മാടി വിളിക്കുന്ന ഈ പാലത്തിലൂടെ ദിവസവും നിരവധി വാഹനങ്ങൾ കടന്നു പോകുന്നു. സ്കൂൾ കുട്ടികളടക്കം നിരവധി ആളുകളാണ് തോട് മുറിച്ചുകടക്കാൻ ഈ പാലത്തിനെ ആശ്രയിക്കുന്നത്. കൈവരിയില്ലാത്തതിനാൽ ഭീതിയോടെയാണ് നാട്ടുകാർ ഈ പാലം ഉപയോഗിച്ചുവരുന്നത്.


വർഷങ്ങൾക്ക് മുമ്പ് പണിത പാലം നിലവിൽ കാലപ്പഴക്കം കൊണ്ട് ദ്രവിച്ച നിലയിലാണ്. കോൺഗ്രീറ്റ് പാളികൾ ഇളകി അടിഭാഗത്ത് ഇരുമ്പ് കാണുന്നുണ്ട്. അതിനാൽ തന്നെ ബലക്ഷയം സംഭവിച്ചതായി നാട്ടുകാർ പറയുന്നു. കാലവർഷം കനക്കുന്നതോടെ കുത്തിയൊലിക്കുന്ന മഴവെള്ള പാച്ചലിൽ പാലം തകരുമോ എന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. അധികൃതർ സ്ഥലം സന്ദർശിച്ച് ബദൽ മാർഗം ഒരുക്കണമെന്നും പുതിയ പാലം നിർമ്മിക്കാനുള്ള നടപടി വേഗത്തിലാക്കണമെന്നും നാട്ടുകാർ ചാനൽ ആർ.ബിയോട് പറഞ്ഞു.
