ആ ക്വട്ടേഷൻ നടന്നിരുന്നുവെങ്കിൽ ചാക്കോ കൊല്ലപ്പെടില്ലായിരുന്നു; ‘കുറുപ്പ്’ ചർച്ചയാകുമ്പോൾ ബ്രദർ ആൽബിന് പറയാനുള്ളത്

  • Post category:news
  • Reading time:2 mins read
You are currently viewing ആ ക്വട്ടേഷൻ നടന്നിരുന്നുവെങ്കിൽ ചാക്കോ കൊല്ലപ്പെടില്ലായിരുന്നു; ‘കുറുപ്പ്’ ചർച്ചയാകുമ്പോൾ ബ്രദർ ആൽബിന് പറയാനുള്ളത്

‘കുറുപ്പ്’ സിനിമ ചർച്ചയാകുമ്പോൾ 37 വർഷം മുമ്പ് നടന്ന ആ സംഭവം ഒരിക്കൽ കൂടി ഓർത്തെടുക്കുകയാണ് പുന്നപ്ര ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ. ഇന്നത്തെ ബ്രദർ ആൽബിൻ അന്ന് വെട്ടും കുത്തും ഗുണ്ടായിസവും തൊഴിലാക്കിയ ഇറച്ചി ആൽബിനായിരുന്നു. അബുദാബിയിൽ ജോലി നോക്കിയിരുന്ന സുകുമാരക്കുറുപ്പ് നാട്ടിൽ വന്ന ശേഷം വണ്ടാനം മെഡിക്കൽ കോളേജിന് കിഴക്കായിരുന്നു താമസിച്ചിരുന്നത്.

നാട്ടിൽ വളരെ മാന്യൻ. പൊലീസിനും നാട്ടുകാർക്കും ഭീഷണിയായി ആൽബിനും പുരുഷനുമടങ്ങിയ സംഘം നാട്ടിൽ വാഴുന്ന കാലം. ഇവർ കുറുപ്പിൻ്റെ അയൽവാസിയും മറ്റു ചിലരുമായി തല്ലുണ്ടാക്കി. ഇതിൽ ചിലർക്ക് വെട്ടേറ്റു. അടുത്ത ദിവസം സുകുമാരക്കുറുപ്പിൻ്റെ നേതൃത്വത്തിൽ ആൽബിനെതിരെ പുന്നപ്ര പൊലീസിൽ പരാതി നൽകി. പക മൂത്ത മാത്യു ആൽബിൻ രാത്രി കുറുപ്പിൻ്റെ വീട്ടിലെത്തി വധഭീഷണി മുഴക്കി.

ആൽബിൻ്റെ ചങ്കൂറ്റത്തിന് മുന്നിൽ കുറുപ്പ് ഒന്ന് പതറി. ഈ സമയം മൃതദേഹം കത്തിച്ച് വിദേശത്ത് നിന്ന് ഇൻഷ്വറൻസ് തുക തട്ടാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയായിരുന്നു കുറുപ്പ്. മൃതദേഹം ഒപ്പിക്കാൻ ആൽബിൻ്റെ സഹായം സുകുമാരക്കുറുപ്പ് തേടിയത് അങ്ങനെയാണ്. ഈ സമയം പൊലീസ് കാണാതെ ആൽബിൻ ആലപ്പുഴ വലിയ ചുടുകാട്ടിലായിരുന്നു ഉറങ്ങിയിരുന്നത്. അടുത്ത ദിവസം കുറുപ്പ് ആൽബിനെ തേടിയെത്തി. കാര്യങ്ങൾ വിവരിച്ചു. പഴക്കമില്ലാത്ത മൃതദേഹം എത്തിച്ച് നൽകിയാൽ കൈ നിറയെ കാശും വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്തു. തുടർന്ന് തോട്ടപ്പള്ളിയിലെ കൽപ്പകവാടി ഷാപ്പിലിരുന്ന് പദ്ധതി തയ്യാറാക്കി. തന്നെ നിരന്തരം പൊലീസിന് ഒറ്റുകൊടുക്കുന്ന പറവൂർ സ്വദേശിയെ കൊന്ന് മൃതദേഹം സുകുമാരക്കുറുപ്പിന് കൈമാറാനായിരുന്നു ആൽബിൻ്റെ പ്ലാൻ. ഇതിനുള്ള അഡ്വാൻസും വാങ്ങി.

എന്നാൽ മദ്യലഹരിയിൽ ആൽബിൻ ഇതെല്ലാം മറന്നു. അടുത്ത ദിവസം കൊല്ലം കള്ളിക്കാട് കടപ്പുറത്ത് മറ്റൊരു അടി പിടിക്കേസിനായി ആൽബിനും സംഘവും പോയി. പറഞ്ഞ സമയത്ത് കുറുപ്പ് ആൽബിൻ്റെ വീട്ടിലെത്തിയെങ്കിലും ഭർത്താവ് ഇല്ലെന്ന മറുപടിയാണ് ഭാര്യ മേരി നൽകിയത്. അവിടെ നിന്ന് മടങ്ങും വഴിയാണ് ദേശീയപാതയിൽ കരുവാറ്റ ഭാഗത്തുവച്ച് ഫിലിം റെപ്രസന്റേറ്റീവായ ആലപ്പുഴ സ്വദേശി ചാക്കോയെ കാറിൽ കയറ്റുന്നത്. അത് ചാക്കോയുടെ അന്ത്യയാത്രയായിരുന്നെന്ന് ബ്രദർ മാത്യു ആൽബിൻ കണ്ണീരോടെ പറയുന്നു.

0Shares