
ന്യൂഡല്‍ഹി: പതിനാറ് വയസില്‍ താഴെയുള്ള വിദ്യാർത്ഥികളെ കോച്ചിങ് സെൻ്റെറുകളില്‍ പ്രവേശിപ്പിക്കാൻ ആകില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം. ഉയര്‍ന്ന മാര്‍ക്ക് ഉറപ്പാണെന്നത് ഉള്‍പ്പടെ പാലിക്കാനാവാത്ത വാഗ്‌ദാനങ്ങളൊന്നും കോച്ചിങ് സെൻ്റെറുകള്‍ നല്‍കരുതെന്നും വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടുവെച്ച പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
വിദ്യാർത്ഥികൾ ജീവനൊടുക്കുന്ന സംഭവങ്ങൾ, അധ്യാപന രീതികള്‍, സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവ്, എന്നിവയെ കുറിച്ച് പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് സ്വകാര്യ കോച്ചിങ്ങ് സെൻ്റെറുകളുടെ അനിയന്ത്രിതമായ വർധന നിയന്ത്രിക്കുന്നതിനായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയത്.

പുതിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് ബിരുദ യോഗ്യതയില്ലാത്തവർ കോച്ചിങ് സെൻ്റെറുകളില്‍ അധ്യാപകരാവാന്‍ പാടില്ല. 16 വയസില്‍ താഴെയുള്ള വിദ്യാർത്ഥികളെ കോച്ചിങ് സെൻ്റെറില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല. കൂടാതെ ഹയര്‍ സെക്കണ്ടറി പരീക്ഷ പൂര്‍ത്തിയായ വിദ്യാർത്ഥികള്‍ക്ക് സ്ഥാപനത്തില്‍ പ്രവേശനം നല്‍കാന്‍ പാടുള്ളൂ. കോച്ചിങ് സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും ഒരു കൗണ്‍സിലര്‍ ഉണ്ടായിരിക്കണം.
അധ്യാപകരുടെ യോഗ്യത, കോഴ്‌സുകള്‍, ഹോസ്റ്റല്‍ സൗകര്യം, ഫീസ് എന്നിവ പ്രതിപാദിച്ച് കൊണ്ടുള്ള വെബ്‌സൈറ്റ് സ്ഥാപനത്തിന് ഉണ്ടായിരിക്കണം. മികച്ച റാങ്ക്, ഉയര്‍ന്ന മാര്‍ക്ക് എന്നിവ ഉറപ്പാണ് എന്നിങ്ങനെയുള്ള പാലിക്കാനാവാത്ത വാഗ്‌ദാനങ്ങള്‍ നല്‍കി വിദ്യാർത്ഥികളെ പ്രലോഭിപ്പിക്കാന്‍ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
