
ന്യൂഡല്‍ഹി: കോടികള്‍ തട്ടി ഇന്ത്യയില്‍ നിന്ന് മുങ്ങി വിദേശത്ത് സുഖവാസത്തില്‍ കഴിയുന്ന വിജയ് മല്യ അടക്കമുള്ള കുറ്റവാളികളെ വിട്ടു കിട്ടുന്നതിനായി ദേശീയ അന്വേഷ ഏജൻസികളുടെ ഉന്നതതല സംഘം ബ്രിട്ടണിലേക്ക്. സെൻട്രല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ), എൻഫോഴ്‌സ്‌മെണ്ട് ഡയറക്ടറേറ്റ് (ഇ.ഡി), ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) എന്നിവരുടെ സംയുക്ത സംഘമാണ് യു.കെയിലേക്ക് പോകുന്നത്.
കിംഗ് ഫിഷര്‍ ഉടമ വിജയ് മല്യക്കും വജ്രവ്യാപാരി നീരവ് മോദിക്കും യു.കെയിലും സമീപ രാജ്യങ്ങളിലുമുള്ള സ്വത്തുവകകള്‍ കണ്ടുകെട്ടാനാണ് അന്വേഷണ ഏജൻസികളുടെ നീക്കം.

ലണ്ടനിലുള്ള ഇന്ത്യൻ ഹൈക്കമ്മീണര്‍ വഴി യു.കെയിലെ ഭരണാധികാരികളുമായി ഇതിന് മുന്നോടിയായി ഇന്ത്യൻ സംഘം ചര്‍ച്ച നടത്തും. ആയുധ കച്ചവടക്കാരനായ സഞ്ജയ് ഭണ്ഡാരിയെ തിരിച്ചെത്തിക്കാനും ശ്രമമുണ്ട്.
2016ലായിരുന്നു സഞ്ജയ് ഭണ്ഡാരി ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ ഇ.ഡി അന്വേഷണം തുടങ്ങിയതോടെ യു.കെയിലേക്ക് മുങ്ങുകയായിരുന്നു.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുമായി സഞ്ജയ് ഭണ്ഡാരി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതും വലിയ വിവാദമായിരുന്നു. മല്യ, നീരവ്, ഭണ്ഡാരി എന്നിവരുടെ ഇന്ത്യയിലെ സ്വത്തുവകകള്‍ സര്‍ക്കാര്‍ ഏജൻസികള്‍ ഇതിനോടകം കണ്ടുകെട്ടിയിട്ടുണ്ട്.
