
കാസർകോട്: കോവിഡ് വ്യാപനം മൂലം അടച്ചിട്ട വിദ്യാലയങ്ങള്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ എ .വി രാംദാസ് അറിയിച്ചു. നീണ്ട ഇടവേളയ്ക്കുശേഷം സ്‌കൂളുകളിലേക്ക് എത്തുന്ന കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ജാഗ്രതയോടെ ഇടപെടണം.
സ്‌കൂളുകളില്‍ കൃത്യമായ ശാരീരിക അകലം പാലിക്കുന്ന രീതിയില്‍ കുട്ടികളെ ക്ലാസ് മുറികളില്‍ പ്രവേശിപ്പിക്കാനും ഇരുത്താനും അധ്യാപകര്‍ ശ്രദ്ധിക്കണം
മാസ്‌ക് ധാരണം, സാനിറ്റൈസര്‍ ഉപയോഗം, കൈകഴുകല്‍ എന്നിവയില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച അനുവദിക്കാന്‍ പാടില്ല. ഭക്ഷണ സമയത്തും വെള്ളം കുടിക്കേണ്ടി വരുന്ന സമയത്തും മാത്രമേ മാസ്‌ക് മുഖത്ത് നിന്ന് മാറ്റാന്‍ പാടുള്ളൂ.
ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് കൂട്ടുകാരോടൊത്തുചേരുന്നത് എന്നുള്ളത് കൂട്ടം കൂടാനുള്ള അവസരമായി ഒരു കാരണവശാലും കുട്ടികള്‍ കാണാന്‍ പാടുള്ളതല്ല. ഹസ്തദാനം, ആലിംഗനം തുടങ്ങിയ സ്‌നേഹപ്രകടനങ്ങളും ഒഴിവാക്കേണ്ടതാണ്. ഒരുമിച്ചുള്ള സംസാരവും കളികളും കൂടിച്ചേര്‍ന്നുള്ള നടത്തവും എല്ലാം നിര്‍ബന്ധമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
പേനകള്‍, പുസ്തകങ്ങള്‍, മറ്റു പഠനോപകരണങ്ങള്‍ എന്നിവ പരസ്പരം കൈമാറാനോ ഉപയോഗിക്കാനോ പാടില്ല
ഭക്ഷണം കഴിക്കുമ്പോള്‍ ഒരുമിച്ചിരുന്നു കഴിവതും കഴിക്കാതിരിക്കാന്‍ ശ്രമിക്കണം. കൃത്യമായ ശാരീരിക അകലം പാലിച്ചുകൊണ്ട് ഭക്ഷണം കഴിക്കാനും ഭക്ഷണസാധനങ്ങള്‍ പരസ്പരം പങ്കുവെക്കാതിരിക്കാനും എല്ലാവരും ശ്രദ്ധിക്കണം
പ്രായമായവര്‍, ഗര്‍ഭിണികള്‍, കിടപ്പുരോഗികള്‍, മറ്റു അസുഖമുള്ളവര്‍ തുടങ്ങിയവരുള്ള വീടുകളിലെ കുട്ടികള്‍ ഒരുകാരണവശാലും ഇവരുമായി ഇടപഴകരുത്.

ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികളെ നിര്‍ബന്ധമായും സ്‌കൂളില്‍ നിന്നും മാറ്റുവാന്‍ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടതാണ്.
പനി, ജലദോഷം, തൊണ്ടവേദന ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്ന കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതില്‍ നിന്നും മാറിനില്‍ക്കുകയും നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയരാകേണ്ടതുമാണ്.
സ്‌കൂള്‍ തുറക്കുമ്പോള്‍ കൂടുതല്‍ പേരിലേക്ക് രോഗവ്യാപനം ഇല്ലാത്ത രീതിയില്‍ അധ്യയന വര്‍ഷം പൂര്‍ത്തിയാക്കാനും ആരോഗ്യപൂര്‍ണമായ മനസ്സോടും ശരീരത്തോടും കൂടി പരീക്ഷകള്‍ എഴുതാനും നമുക്ക് സാധിക്കണമെങ്കില്‍ എല്ലാവരും ആരോഗ്യവകുപ്പ് നല്‍കുന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായുംപാലിക്കണം.
