
തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറി, വാഴക്കുല കയറ്റിവരുന്ന ലോറികളിൽ വൻതോതിൽ കഞ്ചാവും വിദേശമദ്യവും കേരളത്തിലേക്ക് കടത്തുന്നു. ഇന്നലെ (ജൂൺ 7)ന് വാഴക്കുലയുമായി കുമളിയിലെത്തിയ ലോറി പരിശോധിക്കുന്നതിനിടെ രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. ഒരാൾ അറസ്റ്റിലാകുകയും ചെയ്തു. വണ്ടിപ്പെരിയാർ മൂങ്കലാർ സ്വദേശി മാണിക്ക് സുമനാണ് (23) പിടിയിലായത്.
ഇയാൾ കഞ്ചാവ് സ്ഥിരം കടത്തുന്ന ആളാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പച്ചക്കറി കയറ്റിവരുന്ന ലോറികളിലാണ് ഇയാൾ സാധാരണ കഞ്ചാവ് ഒളിപ്പിച്ചു കടത്തിയിരുന്നത്. വിദേശമദ്യം ഇത്തരത്തിൽ ചിലർ കടത്തുന്നതായി അറിയാമെന്ന് സുമൻ എക്‌സൈസിനോട് മൊഴിനൽകിയിട്ടുണ്ട്. ഇതോടെ എക്‌സൈസ് അന്വേഷണം ശക്തമാക്കി. കൂടല്ലൂരിൽ നിന്ന് നാലായിരം കിലോയുടെ വാഴക്കുലയുമായി വന്ന വാഹനത്തിലാണ് ഇയാൾ കഞ്ചാവ് കടത്തിയത്.

കോട്ടയത്തെ ആവശ്യക്കാർക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. ഇവരാരാണെന്ന് എക്‌സൈസ് അന്വേഷിച്ചുവരുന്നു. എക്‌സൈസ് ലോറി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വണ്ടിയിലുണ്ടായിരുന്ന 4000 കിലോ വാഴക്കുല ഇന്നലെ തന്നെ ലേലം ചെയ്തു. ആന്ധ്രാ പ്രദേശിൽ സുമൻ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്. ആ സമയത്തും ഇയാൾ മേൽത്തരം കഞ്ചാവായ നീലച്ചടയൻ കടത്തിയിട്ടുണ്ടെന്ന് പ്രതി എക്‌സൈസിനോട് പറഞ്ഞു.
ലോക്ക്ഡൗൺ ആരംഭിച്ചതിന് ശേഷം അതിർത്തി വഴി കടത്താൻ ശ്രമിച്ച വ്യാജമദ്യം, കഞ്ചാവ്, നിരോധിത കീടനാശിനി തുടങ്ങിയവ പലതവണ എക്സൈസ് സംഘം പിടികൂടിയിരുന്നു.
