കാനഡ കാട്ടുതീയിൽ ദുരന്ത മുഖത്ത് ജനജീവിതം; വാഷിങ്‌ടണിൽ സ്‌കൂളുകൾ അടച്ചു, വായു ശ്വസിക്കുന്നത് അനാരോ​ഗ്യകരമെന്ന് മുന്നറിയിപ്പ്

You are currently viewing കാനഡ കാട്ടുതീയിൽ ദുരന്ത മുഖത്ത് ജനജീവിതം; വാഷിങ്‌ടണിൽ സ്‌കൂളുകൾ അടച്ചു, വായു ശ്വസിക്കുന്നത് അനാരോ​ഗ്യകരമെന്ന് മുന്നറിയിപ്പ്

കാനഡയിലെ കാട്ടുതീയിൽ വലഞ്ഞ് വാഷിങ്‌ടൺ ഡിസിയും. വാഷിങ്‌ടൺ കൗൺസിൽ ഓഫ് ഗവൺമെണ്ട്സ് ‘കോഡ് പർപ്പിൾ’ പുറപ്പെടുവിച്ചിരിക്കുകയാണ്. വായു ശ്വസിക്കുന്നത് അനാരോ​ഗ്യകരമാണ് എന്നാണ് ഇതിനർത്ഥം.

കാനഡയിലുണ്ടായ കാട്ടുതീയിൽ നിന്നുള്ള പുക അമേരിക്കയുടെ തെക്കൻ ഭാ​ഗങ്ങളിലേക്ക് നീങ്ങുകയാണ്. ഇതേത്തുടർന്ന് നാഷണൽസ് ബേസ്ബോൾ ഗെയിം മാറ്റിവെച്ചിട്ടുണ്ട്. ദേശീയ മൃഗശാലയും അടച്ചുപൂട്ടി. സ്‌കൂളുകൾ തത്കാലത്തേക്ക് അടക്കുകയും ക്ളാസുകൾ ഓൺലൈനാക്കുകയും ചെയ്‌തിട്ടുണ്ട്.

ന്യൂയോർക്ക് ന​ഗരത്തിലെ വായുവിൻ്റെ ​ഗുണനിലവാരവും ഏറ്റവും മോശം സ്ഥിതിയിലാണെന്ന് അധികൃതർ അറിയിച്ചു. കാട്ടുതീയെ തുടർന്നുണ്ടായ പുക അമേരിക്കയിലേക്ക് വ്യാപിച്ചതിനെ തുടർന്ന് പല സംസ്ഥാനങ്ങളും ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള അപകടകരമായ പുക ന്യൂയോർക്ക് സിറ്റിയിലും ട്രൈ- സ്റ്റേറ്റ് ഏരിയയിലുമാകെ പടർന്നിരിക്കുകയാണ്. പ്രധാന വിമാന താവളങ്ങളിലെല്ലാം വിമാനങ്ങൾ സർവീസ് നിർത്തി വച്ചിരിക്കുകയാണ്. മേജർ ലീഗ് ബേസ്ബോൾ ഗെയിമുകളും മാറ്റിവച്ചു. മഹാമാരിയുടെ കാലഘട്ടത്തിലെന്ന പോലെ ആളുകൾ മാസ്‌ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. ന്യൂയോർക്ക് നഗരത്തിലെ തെരുവുകളുടെ നിറം ബുധനാഴ്‌ച ഉച്ചകഴിഞ്ഞതോടെ ഓറഞ്ച് നിറമായി മാറി. നഗരം ലോകത്തിലെ ഏറ്റവും മോശം വായു ഗുണനിലവാരത്തിൻ്റെ പട്ടികയിൽ ഒന്നാമതെത്തി.

ന്യൂയോർക്കുകാർ മുൻകരുതലുകൾ എടുക്കണമെന്ന മുന്നറിയിപ്പുമായി മേയർ എറിക് ആഡംസും പ്രസ്താവന ഇറക്കിയിരുന്നു. എയർ ക്വാളിറ്റി ഇൻഡക്‌സ് 484 ൽ എത്തിയതായി അദ്ദേഹം പറഞ്ഞു. അതിൻ്റെ പരമാവധി 500 ആണ്. ഗവൺമെണ്ടിൻ്റെ വായു ഗുണനിലവാര സൂചിക അനുസരിച്ച് 300ന് മുകളിലെത്തിയാൽ തന്നെ അത് “അപകടകരമായി” കണക്കാക്കുന്നു. ഇത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

ഈ വാരാന്ത്യത്തിലോ അടുത്ത ആഴ്‌ചയുടെ തുടക്കത്തിലോ വടക്കുകിഴക്കൻ ഭാഗങ്ങളിലും മധ്യ അറ്റ്‌ലാണ്ടിക് പ്രദേശങ്ങളിലും മഴ പെയ്‌താൽ ഒരു പരിധിവരെ വായു ശുദ്ധീകരിക്കാൻ അത് സഹായിക്കും എന്നാണ് പ്രതീക്ഷ. എന്നിരുന്നാലും തീ നിയന്ത്രണ വിധേയമാക്കുകയോ കെടുത്തുകയോ ചെയ്‌താൽ മാത്രമേ കൂടുതൽ ആശ്വാസം ലഭിക്കുകയുള്ളൂ.

0Shares