
താൻ യമനിലെത്തിയത് അറബിയും സൂഫിസവും പഠിക്കാനെന്ന് കാസര്‍കോട് സ്വദേശി ഷബീര്‍. കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് യമനില്‍ എത്തിയതിന് പിന്നില്‍ ദുരുദേശമില്ലെന്ന് ഷബീര്‍ പറയുന്നത്. ഷബീറും കുടുംബവും യമനില്‍ എത്തിയെന്ന സ്ഥിരീകരണത്തിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട അന്വേഷണം എന്‍.ഐ.എയ്ക്ക് വിടാന്‍ തീരുമാനിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വീഡിയോ സന്ദേശം എത്തിയത്.
ദുബായില്‍ നിന്നും ഷബീറിനെയും കുടുംബത്തെയും കാണാതായെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തന്നെയും കുടുംബത്തെയും കാണാതായെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നാണ് ഷബീര്‍ പറയുന്നത്. നിലവില്‍ യമനിലെ തരീമിലെ ദാറുല്‍ മുസ്തഫ കാമ്പസിലാണെന്നും പണ്ഡിതന്‍ ഹബീബ് ഉമറിന് കീഴില്‍ സൂഫിസവും അറബിയും പഠിക്കാനാണ് ഇവിടെയെത്തിയതും ഇയാള്‍ പറയുന്നു.

നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് യമനിലേക്ക് എത്തിയത്. അന്വേഷണവുമായി സഹകരിക്കുമെന്നും ഷബീര്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു. രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ യമനില്‍ എത്തിയതായി സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായും സൂചനകള്‍ പുറത്തു വന്നിരുന്നു. ഇതോടെയാണ് അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തത്.
