വിക്രം ലാൻഡര്‍ ചന്ദ്രനില്‍ ഇറങ്ങിയപ്പോള്‍ ചുറ്റും തിളക്കമുള്ള വലയം; പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആ‌ര്‍.ഒ

You are currently viewing വിക്രം ലാൻഡര്‍ ചന്ദ്രനില്‍ ഇറങ്ങിയപ്പോള്‍ ചുറ്റും തിളക്കമുള്ള വലയം; പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആ‌ര്‍.ഒ

ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്നില്‍ നിന്ന് ലഭിച്ച പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആ‌ര്‍.ഒ. ചന്ദ്രയാൻ മൂന്നിലെ ഏറ്റവും പ്രധാന ഭാഗമായ വിക്രം ലാൻഡര്‍ ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങിയപ്പോള്‍ ടണ്‍ കണക്കിന് പൊടിപടലങ്ങളും പാറകളും പറന്നു പൊങ്ങി ലാൻഡറിന് ചുറ്റും തിളക്കമുള്ള വലയം തീര്‍ത്തെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.

ഐ.എസ്.ആര്‍.ഒയുടെ എക്സ് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വിക്രം ലാൻഡര്‍ ഇറങ്ങിയ പ്രദേശത്തിന് 108.4 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 2.06 ടണ്‍ പൊടിപടലം വീണതായി നാഷണല്‍ റിമോട്ട് സെൻസിംഗ് സെൻ്റെറിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായി എക്സില്‍ ഐ.എസ്.ആര്‍.ഒ കുറിച്ചു.

വിക്രം ലാൻഡര്‍ ഇറങ്ങുന്നതിന് മുമ്പും ശേഷവും ലഭിച്ച ചിത്രങ്ങള്‍ വിശകലനം ചെയ്‌തതാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്. പൊടിപടലങ്ങളും പാറയും ഉയര്‍ന്നു പൊങ്ങിയതിനാല്‍ ലാൻഡറിനെ വലയം ചെയ്യുന്ന ‘എജക്റ്റ ഹാലോ’ രൂപപ്പെട്ടെന്നും കണ്ടെത്തി.

ഒരു വസ്തു പതിക്കുമ്പോള്‍ ചന്ദ്രോപരിതലത്തിലും ചന്ദ്രനിലെ വസ്‌തുക്കളിലുമുണ്ടാകുന്ന മാറ്റത്തെക്കുറിച്ച്‌ മനസിലാക്കുന്നതിന് സഹായിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. ഇന്ത്യൻ സൊസെെറ്റി ഓഫ് റിമോട്ട് സെൻസിംഗിൻ്റെ ജേണലില്‍ ഈ കണ്ടെത്തലുകളെ കുറിച്ച്‌ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കിയിട്ടുണ്ട്.

ആഗസ്റ്റ് 23ന് ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങിയ ലാൻഡറും റോവറും ഇന്ത്യയുടേയും ഐ.എസ്.ആര്‍.ഒയുടേയും അഭിമാനമാണ്. സെപ്തംബര്‍ രണ്ടുവരെ ഇതെല്ലാം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. നൂറുകണക്കിന് ഡേറ്റയാണ് ഭൂമിയിലേക്ക് അയച്ചത്. അതെല്ലാം അപഗ്രഥിച്ചു വരികയാണ്. ചന്ദ്രനില്‍ പതിനാലുദിവസത്തെ രാത്രി തുടങ്ങിയതോടെയാണ് സെപ്തംബര്‍ രണ്ടിന് റോവറിനേയും നാലിന് ലാൻഡറിനേയും സ്ളീപ്പ് മോഡിലാക്കിയത്.

0Shares