സൗദി അറേബ്യ സമ്മതം നല്‍കിയാല്‍ അമേരിക്ക ഭയക്കണം; പുതിയ കറന്‍സി നയത്തിന് ബ്രിക്‌സ്

  • Post category:business / Gulf / news
  • Reading time:2 mins read
You are currently viewing സൗദി അറേബ്യ സമ്മതം നല്‍കിയാല്‍ അമേരിക്ക ഭയക്കണം; പുതിയ കറന്‍സി നയത്തിന് ബ്രിക്‌സ്

ലോകത്തെ വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികളുടെ കൂട്ടായ്‌മയാണ് ബ്രിക്‌സ്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവരാണ് അംഗങ്ങള്‍. അടുത്തിടെ മറ്റു പ്രധാന രാജ്യങ്ങള്‍ കൂടി ഈ കൂട്ടായ്‌മയില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സൗദി അറേബ്യ, യു.എ.ഇ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളെല്ലാം താല്‍പ്പര്യം പ്രകടിപ്പിച്ചു.

ബ്രിക്‌സ് രാജ്യങ്ങളുടെ ഉച്ചകോടി ഈ മാസം 22 മുതല്‍ 24 വരെ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്‌ ബെര്‍ഗില്‍ ചേരുകയാണ്. പ്രാദേശിക കറന്‍സികളില്‍ വ്യാപാരം നടത്തുന്ന കാര്യമാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക എന്നാണ് വിവരം. നിലവില്‍ ലോകത്തെ പ്രധാന വ്യാപാര ഇടപാടുകള്‍ നടക്കുന്നത് അമേരിക്കന്‍ ഡോളറിലാണ്.

യുക്രൈന്‍ യുദ്ധത്തിൻ്റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഡോളറിലിലുള്ള ഇടപാടുകള്‍ അവര്‍ക്ക് സാധ്യമല്ല. ഡോറളിനെ ഒഴിവാക്കി എല്ലാ രാജ്യങ്ങളും പ്രദേശിക കറന്‍സികളില്‍ ഇടപാട് നടത്തണം എന്ന ആവശ്യം റഷ്യ മുന്നോട്ട് വച്ചിട്ടുണ്ട്. സുപ്രധാന തീരുമാനം ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രതീക്ഷിക്കുന്നു.

ബ്രിക്‌സ് രാജ്യങ്ങള്‍ സ്വന്തമായി പുതിയ കറന്‍സി തയ്യാറാക്കുമെന്നും വാര്‍ത്തകളുണ്ട്. ഈ കറന്‍സിയില്‍ മാത്രമാകും ഇനി അംഗരാജ്യങ്ങള്‍ വ്യാപാര ഇടപാടുകള്‍ നടത്തുക എന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് ദക്ഷിണാഫ്രിക്ക തള്ളുകയാണ് ചെയ്‌തത്. അതേസമയം, പ്രാദേശിക കറന്‍സികളിലെ വ്യാപാരം ചര്‍ച്ച ചെയ്യുമെന്നും ദക്ഷിണാഫ്രിക്ക അറിയിച്ചു.

വരാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ സൗദി അറേബ്യയും പങ്കെടുക്കുന്നു എന്നതാണ് പ്രത്യേകത. ബ്രിക്‌സില്‍ അംഗമാകാന്‍ കൊതിക്കുന്ന രാജ്യമാണ് സൗദി. കൂടാതെ ഇറാന്‍, യുഎഇ, അര്‍ജന്റീന തുടങ്ങി 20 രാജ്യങ്ങള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സൗദി പ്രതിനിധി കൂടി പങ്കെടുക്കുന്ന ബ്രിക്‌സ് യോഗം ദക്ഷിണാഫ്രിക്കയില്‍ നടക്കാന്‍ പോകുന്നത്.

ഡോളര്‍ ഒഴിവാക്കി പ്രാദേശിക കറന്‍സികളില്‍ വ്യാപാരം നടത്താന്‍ ബ്രിക്‌സ് രാജ്യങ്ങള്‍ തീരുമാനിച്ചാല്‍ ഡോളറിന് തിരിച്ചടിയാകും. എല്ലാ രാജ്യങ്ങളും ഒരുപോലെ നടത്തുന്ന വ്യാപാരമാണ് എണ്ണ. സൗദി അറേബ്യയ്ക്കും പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കും റഷ്യയ്ക്കുമെല്ലാമാണ് എണ്ണയുടെ കാര്യത്തില്‍ മേല്‍ക്കൈ. എണ്ണ വ്യാപാരത്തിൻ്റെ ഇടപാടുകള്‍ ഡോളറിലാണ്. ഇതിന് ബദല്‍ വന്നാല്‍ ഡോളര്‍ മൂല്യമിടിയും.

സുരക്ഷ ഒരുക്കുന്നതിന് പകരമായി ഡോളര്‍ നല്‍കി എണ്ണയിടപാട് നടത്താമെന്ന് 1970കളിലാണ് സൗദിയും അമേരിക്കയും ധാരണയായത്. ഒപെകിലെ പ്രധാന രാജ്യമായതിനാല്‍ സൗദിയുടെ തീരുമാനം ഒപെക് രാജ്യങ്ങളും ഏറ്റെടുത്തു. ഇതോടെ ലോകത്തെ പ്രധാന വ്യാപാരം ഡോളറിലേക്ക് മാറുകയാണുണ്ടായതെന്ന് മൈല്‍സ് ഫ്രാങ്ക്‌ളിന്‍ ലിമിറ്റഡ് പ്രസിഡണ്ട് ആന്‍ഡി ഷക്റ്റ്മാന്‍ പറയുന്നു.

എണ്ണ ഇടപാട് 90 ശതമാനവും ഡോളറിലാണ് നടക്കുന്നത്. അതുകൊണ്ടാണ് ഡോളറിന് ഡിമാണ്ട് വര്‍ധിച്ചത്. എന്നാല്‍ സമീപകാലത്ത് സൗദിയുടെ നയത്തില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പ്രാദേശിക കറന്‍സികളില്‍ എണ്ണ ഇടപാട് നടത്തുന്ന കാര്യം ഇന്ത്യയും ചൈനയും ഉള്‍പ്പെടെ സൗദിയുമായി ചര്‍ച്ച ചെയ്‌തുവരികയാണ്. ഇതിന് സൗദി ഓകെ പറഞ്ഞാല്‍ ഡോളറിന് തിരിച്ചടിയാകും.

ആഗോള ജനസംഖ്യയുടെ 85 ശതമാനം ബ്രിക്‌സ് രാജ്യങ്ങളും അവരുമായി യോജിച്ചു പോകുന്നവരുമാണ്. മാത്രമല്ല, ചൈന നേതൃത്വം നല്‍കുന്ന ഷാങ്ഹായ് സഹകരണ സംഘടനയില്‍ സൗദി അടുത്തിടെ ഉപാധിയോടെ അംഗമായിട്ടുണ്ട്. റഷ്യ, ഇന്ത്യ, പാകിസ്താന്‍, നാല് മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവരും ഈ കൂട്ടായ്‌മയിലുണ്ട്. ബ്രിക്‌സ്- എസ്‌.സി.ഒ കൂട്ടായ്‌മകളില്‍ പ്രാദേശിക കറന്‍സി ഉപയോഗിക്കണമെന്നും ഡോളര്‍ ഒഴിവാക്കണമെന്നും ആവശ്യം ശക്തമാകുന്നതും അമേരിക്കക്ക് തിരിച്ചടിയാണ്.

Courtesy: One India News

0Shares