
കൊച്ചിയിലെ മാലിന്യ സംസ്‌കരണത്തില്‍ നാളെ സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും മലിനീകരണ നിയന്ത്രണ ബോര്‍ഡും വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി. ജില്ലാ കലക്ടറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും കോര്‍പ്പറേഷന്‍ സെക്രട്ടറിയും നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
അതിനിടെ തീപിടിത്തം അന്വേഷിക്കാന്‍ ഉന്നതതല സമിതിക്ക് രൂപം നല്‍കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ എസ്. വി ഭട്ടി, ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട വിഷയം പരിഗണിച്ചത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് ഒരു കത്ത് നല്‍കിയിരുന്നു.

ബ്രഹ്‌മപുരം തീപിടിത്തത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് ദേവന്‍ രാമചന്ദ്രന്‍ കത്ത് നല്‍കിയത്. ഇതിൻ്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി, വിഷയം രാവിലെ പരിഗണിച്ചപ്പോള്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
