
കോട്ടയം: കോട്ടയത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. 23 പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. 22 പേരെയും രക്ഷപെടുത്തി. പരിക്കേറ്റ മൂന്നുപേർ ആശുപത്രിയിൽ ചെകിത്സയിലാണ്. തികളാഴ്ച്ച ഉച്ചക്ക് 2 മണിയോടെയാണ് നാടിനെ ഞെട്ടിച്ച അപകടം നടന്നത്. വേമ്പനാട്ട് കായലിലായിരുന്നു അപകടം. കണ്ണൻ എന്ന യുവാവിനെയാണ് കാണാതായത്. വള്ളത്തിൽ ഉണ്ടായിരുന്നവരിൽ അധികം ആളുകൾക്കും നീന്തൽ അറിയാവുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു. അരൂർ പാണാവള്ളി സ്വദേശികളാണ് അപകടത്തിൽപെട്ടത്. ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം മടങ്ങുകയായിരുന്നു സംഘം. തീരത്തിനോട് ചേർന്നാണ് അപകടം നടന്നത്. അതിനാൽ പലർക്കും നീന്തി കരയിലെത്താൻ സാധിച്ചു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന ആളുകൾ മറ്റു വള്ളങ്ങളിലും ബോട്ടിലുമായി രക്ഷാപ്രവർത്തനം നടത്തി ബാക്കിയുള്ളവരെയും രക്ഷിച്ചു. അപകടം നടന്ന ഉടൻ കണ്ണൻ അഞ്ചുപേരെ രക്ഷപെടുത്തിയിരുന്നു. തുടർന്ന് ക്ഷീണിതനായി ഒഴുക്കിൽപെട്ടു എന്നാണ് വിവരം. നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മുങ്ങൽ വിദഗ്ദ്ധരും സ്ഥലത്തുണ്ട്. പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഒരു നാട് മുഴുവനും.
