
ഭയപ്പെടുത്തി ഭരിക്കുന്ന രാഷ്ട്രീയമാണ് ബി.ജെ.പിയുടേതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തങ്ങള്‍ക്ക് എല്ലാം അറിയാമെന്ന മിഥ്യാധാരണ വെച്ചുപുലര്‍ത്തുന്ന ബി.ജെ.പിക്ക് ആരോടും ബഹുമാനമില്ലെന്നും രാഹുല്‍ പറഞ്ഞു. മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഷില്ലോങ്ങില്‍ നടന്ന പ്രചാരണപരിപാടിയില്‍ സംസാരിക്കവേയാണ് ബി.ജെ.പിക്കെതിരെ രാഹുല്‍ രൂക്ഷവിമര്‍ശനമുന്നയിച്ചത്.
മത്സരരംഗത്തുള്ള തൃണമൂല്‍ കോണ്‍ഗ്രസിനേയും രാഹുല്‍ വിമര്‍ശിച്ചു. സംസ്ഥാനത്ത് ബി.ജെ.പിയുടെ വിജയം ഉറപ്പാക്കുന്നതിനാണ് തൃണമൂല്‍ മത്സരിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. ‘എല്ലാം അറിയാമെന്ന് മേനിനടിക്കുകയും ആരോടും ബഹുമാനമില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു മുട്ടാളനെപ്പോലെയാണ് ബി.ജെ.പിയും ആര്‍.എസ്എസും. ഒരുമിച്ചുനിന്ന് നാം അവര്‍ക്കെതിരെ പോരാടണം’, രാഹുല്‍ പറഞ്ഞു.

മേഘാലയയുടെ ഭാഷയ്ക്കോ സംസ്‌കാരത്തിനോ ചരിത്രത്തിനോ ദോഷം വരുത്താന്‍ ബി.ജെ.പിയെ ഒരുകാരണവശാലും അനുവദിക്കില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മേഘാലയയുടെ തനത് സംസ്‌കാരത്തോടും പാരമ്പര്യത്തോടുമുള്ള ബഹുമാനസൂചകമായാണ് രാഹുൽ പരമ്പരാഗത ജാക്കറ്റ് ധരിച്ചുവന്നത്.
