
ബോളിവുഡ് താരമായ സെയ്ഫ് അലി ഖാന്‍റെ വെബ്സീരീസ് താണ്ഡവിനെതിരെ സമൂഹമാധ്യമങ്ങളിൽ ബി.ജെ.പിയുടെ പ്രതിഷേധം. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത സീരീസ് വിശ്വാസികളെ പരിഹസിക്കുന്നുവെന്നും ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്നാണ്ബി.ജെപി വാദം. തുടർന്ന് #Bantandavnow ഹാഷ്ടാഗുമായി ചിത്രം നിരോധിക്കാനുള്ള പ്രഖ്യാപനങ്ങളും ഉയർന്നിരിക്കുകയാണ്.

പൊളിറ്റിക്കൽ ഡ്രാമ വെബ്സീരീസായ താണ്ഡവ് 15-നാണ് ഒടിടി പ്ലാറ്റഫോമിൽ റിലീസ് ചെയ്തത്. തുടർന്ന് ഇത് ‘ഹിന്ദുവിരുദ്ധ പരമ്പരയാണെ’ന്ന് വിശേഷിപ്പിച്ച് നിരവധി ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടു. ചിത്രം ദളിത് വിരുദ്ധമാണെന്നും ഹിന്ദുക്കൾക്കെതിരായുള്ള വർഗീയ വിദ്വേഷം നിറഞ്ഞതാണെന്നും ബി.ജെ.പി നേതാവായ കപിൽ മിശ്ര ആരോപിച്ചു.
അലി അബ്ബാസ് സഫറാണ് താണ്ഡവ് സംവിധാനം ചെയ്തിരിക്കുന്നത്. സെയ്ഫ് അലിഖാന്‍, മുഹമ്മദ് സീഷന്‍ അയ്യൂബ് എന്നിവരെക്കൂടാതെ ഡിംപിള്‍ കപാഡിയ. സുനില്‍ ഗ്രോവര്‍, കൃതിക കമ്ര എന്നിവരാണ് പ്രധാനവേഷങ്ങളിൽ.
