തട്ടിപ്പുകള്‍ തടയാം; ആധാറിലെ ബയോമെട്രിക് ഡാറ്റാ ലോക്ക് ചെയ്യുന്നത് ഇങ്ങനെ

You are currently viewing തട്ടിപ്പുകള്‍ തടയാം; ആധാറിലെ ബയോമെട്രിക് ഡാറ്റാ ലോക്ക് ചെയ്യുന്നത് ഇങ്ങനെ

ഒരു ഇന്ത്യൻ പൗരൻ എന്ന നിലയില്‍ നിങ്ങളുടെ കൈവശമുള്ള ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡ്. ഇതില്‍ ഒരു വ്യക്തിയുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ക്ക് പുറമേ ബയോമെട്രിക് (വിരലടയാളം, ഐറിസ് സ്‌കാനുകള്‍) വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം പലപ്പോഴും വലിയ സുരക്ഷാ ഭീഷണിയായും മാറാറുണ്ട്.

ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യക്തിപരമായ വിവരങ്ങള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് സംഘങ്ങള്‍ ഇരകളെ കൊള്ളയടിക്കുന്നത്. എന്നാല്‍ നിങ്ങളുടെ ആധാര്‍ ബയോമെട്രിക് ഡാറ്റകള്‍ ലോക്ക് ചെയ്‌തു വയ്ക്കാനുള്ള സംവിധാനവും നമുക്ക് ലഭ്യമാണ്. ഇതുവഴി ഒരു പരിധി വരെ ഇത്തരം തട്ടിപ്പുകള്‍ തടയാൻ നമുക്ക് സാധിക്കും.

ആവശ്യമെങ്കില്‍ താല്‍ക്കാലികമായും നമുക്ക് ഇത് ലോക്ക് ചെയ്‌തു വയ്ക്കാവുന്നതാണ്. പ്രധാനമായും നിങ്ങളുടെ ഐറിസ്, വിരലടയാളം, മുഖം തുടങ്ങിയ ബയോമെട്രിക് ഡാറ്റകളാണ് ഈ സേവനത്തിലൂടെ ലോക്ക് ചെയ്യാനാകുക. എന്നാല്‍ ലോക്ക് ചെയ്‌ത വിവരങ്ങള്‍ അണ്‍ലോക്ക് ചെയ്യാതെ പിന്നീട് ഉപയോഗിക്കാൻ സാധിക്കില്ല.

എങ്ങനെ ബയോമെട്രിക് ഡാറ്റകള്‍ ലോക്ക് ചെയ്യാം എന്ന് പരിശോധിക്കാം

  1. ഇതിനായി നിങ്ങള്‍ ആദ്യം യു.ഐ.ഡി.എ.ഐയുടെ (UIDAI) ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  2. ശേഷം ‘മൈ ആധാര്‍’ മെനുവില്‍ ക്ലിക്ക് ചെയ്‌ത്‌ ‘ആധാര്‍ സേവനങ്ങള്‍’ തിരഞ്ഞെടുക്കുക
  3. ലോക്ക് / അണ്‍ലോക്ക് ബയോമെട്രിക്‌സ് സെറ്റിംഗ്സില്‍ പോയി നിങ്ങളുടെ രജിസ്റ്റര്‍ ചെയ്‌ത നമ്പറിലേക്ക് വന്ന ഒ.ടി.പി സഹിതം നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക
  4. OTP നല്‍കിയാല്‍ നിങ്ങളുടെ ആധാര്‍ ബയോമെട്രിക് ഡാറ്റ ലോക്ക് ചെയ്യാൻ നിങ്ങളെ അനുവദിക്കും.

അതേസമയം, ഈ വിവരങ്ങള്‍ അണ്‍ലോക്ക് ചെയ്യുന്നതിന് മുകളില്‍ പറഞ്ഞ നടപടിക്രമങ്ങള്‍ വീണ്ടും പാലിക്കുക. ബയോമെട്രിക് ഡാറ്റകള്‍ ലോക്ക് ചെയ്യാനുള്ള സേവനം വളരെ ഉപയോഗപ്രദമാണ്.

ഇതിലൂടെ ആധാര്‍ നമ്പറുകളും ഒ.ടി.പിയും അനാവശ്യമായി ദുരുപയോഗം ചെയ്യപ്പെടുമെന്ന പേടിയും ഒഴിവാക്കാൻ സാധിക്കും. അതിനാല്‍ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തം ആണെന്ന് ഓര്‍ക്കുക.

0Shares