ബിൽക്കിസ് ബാനു കേസ്; പ്രതികളെ വിട്ടയച്ചതിൽ ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതിയുടെ ചോദ്യങ്ങൾ

  • Post category:national / news
  • Reading time:1 min read
You are currently viewing ബിൽക്കിസ് ബാനു കേസ്; പ്രതികളെ വിട്ടയച്ചതിൽ ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതിയുടെ ചോദ്യങ്ങൾ

ബിൽക്കിസ് ബാനു കേസിൽ പ്രതികളെ വിട്ടയച്ചതിൽ ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതിയുടെ ചോദ്യങ്ങൾ. സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ബിൽക്കിസ് ബാനു കേസിൽ പ്രതികൾ കുറ്റം ചെയ്ത രീതി ഭയാനകമെന്നും നീരീക്ഷിച്ചു.

പ്രതികളെ വിട്ടയച്ചതിന് കൃത്യമായ കാരണങ്ങൾ ഗുജറാത്ത് സർക്കാർ ബോധിപ്പിക്കണമെന്നും ജസ്റ്റിസ് കെ. എം ജോസഫ് ആവശ്യപ്പെട്ടു. പ്രതികൾക്ക് 1500 ദിവസം പരോൾ കിട്ടിയതെങ്ങനെയെന്നും ചോദിച്ച പരമോന്നത കോടതി, സാധാരണ പൗരന് ഈ സൗകര്യം ലഭിക്കുമോ എന്നും ആരാഞ്ഞു. ഒരു ഗർഭിണി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു. ഒട്ടേറെ പേർ കൊല്ലപ്പെട്ടു. ഇത് സാധാരണ കൊലക്കേസായി കണക്കാക്കാനാവില്ല.

പ്രതികളെ വിട്ടയക്കാനുള്ള തീരുമാനത്തിൻ്റെ അടിസ്ഥാനം എന്താണെന്നത് കൃത്യമായി ബോധിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. ‘ഇളവ് നൽകാനുള്ള തീരുമാനത്തിൻ്റെ അടിസ്ഥാനം എന്താണെന്നതാണ് ചോദ്യം, ഇന്ന് ബിൽക്കിസ് എങ്കിൽ നാളെ അത് ആർക്കും ആകാം. അത് നിങ്ങളോ ഞാനോ ആകാം. ഇളവ് അനുവദിക്കുന്നതിനുള്ള കാരണങ്ങൾ നിങ്ങൾ കാണിക്കുന്നില്ലെങ്കിൽ, ഞങ്ങൾ ഞങ്ങളുടെ സ്വന്തം നിഗമനങ്ങളിൽ എത്തിച്ചേരും’ – എന്നും കോടതി അഭിപ്രായപ്പെട്ടു.

0Shares