ഒഡിഷയിലെ പ്രധാന ബി.ജെ.പി നേതക്കാളിൽ ഒരാളായ ഭർതൃഹരി മഹ്താബ് പ്രോ ടേം സ്‌പീക്കർ; കൊടിക്കുന്നിലിനെ തഴഞ്ഞതിന് എതിരെ കോൺ​ഗ്രസ്

  • Post category:national / news
  • Reading time:1 min read
You are currently viewing ഒഡിഷയിലെ പ്രധാന ബി.ജെ.പി നേതക്കാളിൽ ഒരാളായ ഭർതൃഹരി മഹ്താബ് പ്രോ ടേം സ്‌പീക്കർ; കൊടിക്കുന്നിലിനെ തഴഞ്ഞതിന് എതിരെ കോൺ​ഗ്രസ്

ന്യൂഡൽഹി: ബി.ജെ.പി എം.പി ഭർതൃഹരി മഹ്താബിനെ 18ാം ലോക്സഭയുടെ പ്രോ ടേം സ്‌പീക്കറായി നിയമിച്ചു. രാഷ്ട്രപതി ​ദ്രൗപദി മുർമുവാണ് പ്രോ ടേം സ്‌പീക്കറെ നിയമിച്ചത്. പുതിയ എം.പിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രോ ടേം സ്‌പീക്കറെ സഹായിക്കാൻ എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ടി.ആർ ബാലു, രാധാമോഹൻ സിങ്, ഫ​​​​ഗൻസിങ് കുലസ്തെ, സുദീപ് ബന്ധോപാധ്യായ എന്നിവരേയും രാഷ്ട്രപതി ചുമതലപ്പെടുത്തിയതായി പാർലമെൻ്റെറി കാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി.

പാർലമെണ്ടിലെ ഏറ്റവും മുതിർന്ന അം​ഗങ്ങളിൽ ഒരാളായ കൊടിക്കുന്നിൽ സുരേഷ് എം.പി പ്രോ ടേം സ്‌പീക്കറാകും എന്നായിരുന്നു പ്രതീക്ഷ. എട്ടാം തവണയാണ് കൊടിക്കുന്നിൽ പാർലമെണ്ടിൽ എത്തുന്നത്. സമാന രീതിയിൽ നിൽക്കുന്ന മറ്റൊരു എം.പി ബി.ജെ.പിയുടെ വീരേന്ദ്ര കുമാറാണ്. അദ്ദേഹം നിലവിൽ കേന്ദ്ര മന്ത്രിയാണ്. സ്വാഭാവികമായി കൊടിക്കുന്നിൽ വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഏഴാം തവണ എം.പിയായ ഭര്‍തൃഹരിയെയാണ് നിയമിച്ചത്.

ഒഡിഷയിലെ പ്രധാന ബി.ജെ.പി നേതക്കാളിൽ ഒരാളായ ഭർതൃഹരി കട്ടക്കിൽ നിന്നുള്ള എം.പിയാണ്. ഈ മാസം 24 മുതലാണ് 18ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം. പുതിയ എം.പിമാർ പ്രോ ടേം സ്‌പീക്കർക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയത് അധികാരമേൽക്കും. സ്‌പീക്കർ തെരഞ്ഞെടുപ്പും പ്രോ ടേം സ്‌പീക്കറുടെ മേൽനോട്ടത്തിൽ ആയിരിക്കും.

ബി.ജെ.ഡിയിൽ നിന്നു ആറ് തവണ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ഭർതൃഹരി ഇത്തവണ ബി.ജെ.പി ടിക്കറ്റിലാണ് മത്സരിച്ചത്. അതേ മണ്ഡലത്തിൽ നിന്ന് തന്നെ ഏഴാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.

അതേസമയം ഭർതൃഹരിയെ നിയമിച്ചതിനെതിരെ കോൺ​ഗ്രസ് രം​ഗത്തു വന്നു. പാർലമെണ്ടറി സംവിധാനങ്ങളെ തകർക്കാനുള്ള ശ്രമമാണെന്ന് കെ.സി വേണു​ഗോപാൽ ആരോപിച്ചു.

‘സാധാരണ നിലയിൽ പുതിയ അം​ഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് സഭയിൽ ഏറ്റവും കൂടുതൽ കാലാവധി തികച്ചവരാണ്. 18ാം ലോക്സഭയിലെ ഏറ്റവും മുതിർന്ന എം.പിമാർ കൊടിക്കുന്നിൽ സുരേഷും (കോൺ​ഗ്രസ്), വീരേന്ദ്ര കുമാർ (ബി.ജെ.പി) എന്നിവരാണ്. ഇരുവരും എട്ടാം തവണയാണ് ലോക്സഭയിലെത്തുന്നത്. വീരേന്ദ്ര കുമാർ കേന്ദ്ര മന്ത്രിയാണ്. സ്വാഭാവികമായി കൊടിക്കുന്നിൽ സുരേഷ് പ്രോ ടേം സ്‌പീക്കറാകും എന്നായിരുന്നു പ്രതീക്ഷ’- കോൺ​ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു.

0Shares