
കാസർകോട് ജില്ലയുടെ 24ാമത്തെ കളക്ടറായി ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ചൊവ്വാഴ്ച രാവിലെ ചുമതലയേറ്റു. രാവിലെ 10ന് സ്ഥാനമൊഴിഞ്ഞ കളക്ടർ ഡോ. ഡി. സജിത് ബാബു പുതിയ കളക്ടറെ ബൊക്കെ നൽകി സ്വീകരിച്ച് ചുമതല കൈമാറി. കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്ന് പറഞ്ഞ പുതിയ കളക്ടർ കോവിഡ് പരിശോധന, ഐസോലേഷൻ പ്രവർത്തനങ്ങൾ, സമ്പർക്ക ഉറവിടം കണ്ടെത്തിയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ, ചികിത്സാ സംവിധാനം എന്നീ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുമെന്നും അറിയിച്ചു.
ജില്ലയിൽ നിലവിൽ 49 ശതമാനം ഫസ്റ്റ് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി. രണ്ടാം ഘട്ട വാക്സിനേഷൻ 17 ശതമാനം പൂർത്തിയായിട്ടുണ്ട്. ട്രൈബൽ മേഖലയിൽ 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ 78 ശതമാനം പൂർത്തിയായിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.
ജില്ലയുടെ ആദ്യ വനിത കളക്ടറായ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് 2010 ഐ. എ. എസ് ബാച്ചിലെ 69ാം റാങ്ക് കാരിയാണ്. മഹാരാഷ്ട്രാ സ്വദേശിനിയാണ്. അമേരിക്കയിലെ മിഷിഗൺ യൂണിവേഴ്‌സിറ്റി സ്റ്റീഫൻ എം റോസ് സ്‌കൂൾ ഓഫ് ബിസിനസിൽ നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ മാസ്റ്റർ ബിരുദവും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂനിവേഴ്‌സിറ്റിയിൽ നിന്ന് പബ്ലിക് പോളിസിയിൽ മാസ്റ്റർ ബിരുദവും മുംബൈ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഇലക്ട്രോണിക്‌സ് എൻജിനീയറിങിൽ ബിരുദവും നേടിയിട്ടുണ്ട്. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ പദവിയിൽ നിന്നാണ് ജില്ലയിലേക്ക് എത്തുന്നത്.

കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ, ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, പട്ടിക വർഗ വകുപ്പ് ഡയറക്ടർ, ലോട്ടറി വകുപ്പ് ഡയറക്ടർ, ഫോർട്ട് കൊച്ചി സബ്കളക്ടർ എന്നീ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്.
സ്ഥാനമേറ്റതിനെ തുടർന്ന് ജില്ലാ കളക്ടറും ജില്ലയിലെ ഉദ്യോഗസ്ഥരുമായി നടന്ന യോഗത്തിൽ എ.ഡി.എം എ.കെ. രമേന്ദ്രൻ, സബ് കളക്ടർ ഡി.ആർ. മേഘശ്രീ, ആർ.ഡി.ഒ. അതുൽ എസ് നാഥ്, ഫിനാൻസ് ഓഫീസർ കെ സതീശൻ, എൻഐസി ജില്ലാ ഓഫീസർ കെ രാജൻ, ഡെപ്യൂട്ടി കളക്ടർമാരായ കെ രവികുമാർ, സിറോഷ് പി ജോൺ, സൂര്യനാരായണൻ, എ. സജീദ്, ഡി.എം.ഒ ഡോ. കെ.ആർ. രാജൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, ലോ ഓഫീസർ മുഹമ്മദ് കുഞ്ഞി, എന്നിവർ പങ്കെടുത്തു.
