
മാർച്ച് ഒന്നിന് ബെംഗളുരുവിലെ രാമേശ്വരം കഫേയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തു. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ബല്ലാരി സ്വദേശിയാണ് കസ്റ്റഡിയിൽ.
ബല്ലാരിയിൽ നിന്ന് നേരത്തെ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ ഒരാൾ ഒരു വസ്ത്ര വ്യാപാരിയാണ്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മറ്റൊരാളെ കസ്റ്റഡിയിലെടുത്തത്. രണ്ടുപേരിൽ ഒരാൾ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിൻ്റെ സജീവ പ്രവർത്തകനായിരുന്നു എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
ഇയാൾക്ക് ഒരു തീവ്രവാദ സംഘടനയുമായി ബന്ധമുണ്ട് എന്നും കഫെയിൽ ബോംബ് വെച്ച ആൾ ഉൾപ്പെടെ പ്രദേശത്തെ നിരവധി പേർക്ക് പോപ്പുലർ ഫ്രണ്ടിൻ്റെ ആശയപരമായ സ്വാധീനം ഉണ്ട് എന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.

യാത്രാ രേഖകളുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ബല്ലാരി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ഇപ്പോൾ കസ്റ്റഡിയിൽ എടുത്ത ബെല്ലാരി കൗൾ ബസാർ സ്വദേശിയിലേക്ക് എത്തിയത്.
സ്ഫോടനത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ മുഖമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടിരുന്നു. സംഭവസ്ഥലത്തു നിന്ന് അയാൾ എവിടേക്കാണ് യാത്ര ചെയ്‌തത് എന്നതു സംബന്ധിച്ച വിവരം ശേഖരിച്ചത് നിർണായകമായി. നഗരത്തിലെ പല ബസുകളിൽ മാറിക്കയറിയ ഇയാൾ തുംകൂരുവിലേക്ക് പോയി വസ്ത്രം മാറി ഒരു ആരാധനാ ആലയത്തിലേക്ക് കയറി. പിന്നീട് ബല്ലാരിയിലേക്ക് പോയതായും അന്വേഷണ സംഘം കണ്ടെത്തി.
