സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ്; കാസര്‍കോട് ജനറല്‍ ആശുപത്രിക്കും കുടുംബാരോഗ്യ കേന്ദ്രത്തിനും നേട്ടം

  • Post category:health / local news
  • Reading time:1 min read
You are currently viewing സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ്;  കാസര്‍കോട് ജനറല്‍ ആശുപത്രിക്കും കുടുംബാരോഗ്യ കേന്ദ്രത്തിനും നേട്ടം

കാസർകോട്: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പ്രഖ്യാപിച്ചപ്പോള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിക്കും കുടുംബാരോഗ്യ കേന്ദ്രത്തിനും നേട്ടം. 71.59 ശതമാനം മാര്‍ക്ക് നേടി കാസര്‍കോട് ജനറല്‍ ആശുപത്രി ജില്ലാതലത്തില്‍ 70 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ ആരോഗ്യ സ്ഥാപനങ്ങള്‍ക്കുള്ള കമന്‍ഡേഷന്‍ അവാര്‍ഡ് നേടി. മൂന്ന് ലക്ഷം രൂപയാണ് അവാര്‍ഡ് തുക.

അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗങ്ങളെ 3 ക്ലസ്റ്ററായി തിരിച്ചാണ് അവാര്‍ഡ് നല്‍കിയത്. നോര്‍ത്ത് സോണ്‍ ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട കാസര്‍കോട് കുടുംബാരോഗ്യ കേന്ദ്രം 90 ശതമാനത്തോടെ രണ്ടാം സ്ഥാനം നേടി. 1.5 ലക്ഷം രൂപയാണ് അവാര്‍ഡ് തുക.

സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. കേരളത്തിലെ ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍(സി.എച്ച്.സി), പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (പി.എച്ച്.സി.), നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍(യു.പി.എച്ച്.എസി) എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിയന്ത്രണ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.

0Shares