ബേഡകം പോലീസ് സ്റ്റേഷന് ഇനി ഉദ്യാനഭംഗി: പോലീസുകാർ നിർമ്മിച്ച ഉദ്യാനത്തിന്‍റെയും പച്ചക്കറി കൃഷിയുടെയും ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി നിർവ്വഹിച്ചു

  • Post category:local news
  • Reading time:2 mins read
You are currently viewing ബേഡകം പോലീസ് സ്റ്റേഷന് ഇനി  ഉദ്യാനഭംഗി: പോലീസുകാർ നിർമ്മിച്ച ഉദ്യാനത്തിന്‍റെയും പച്ചക്കറി കൃഷിയുടെയും ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി നിർവ്വഹിച്ചു

ബേഡകം/ കാസര്‍കോട് : ബേഡകം പോലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക് ഇനി മുതൽ സ്റ്റേഷൻ പരിസരത്ത് പൊട്ടിപ്പൊളിഞ്ഞ് കൂട്ടിയിട്ട വണ്ടികൾ കാണാൻ പറ്റില്ല. പകരം കണ്ണിന് ആസ്വാദ്യകരമായ പച്ചപ്പും ഉദ്യാനവും പച്ചക്കറി തോട്ടവും ആണ് സന്ദർശകർക്ക് കൗതുകകരമാവാൻ പോകുന്നത്. സ്റ്റേഷൻ കോമ്പൗണ്ടിൽ ഉദ്യാനവും പച്ചക്കറി തോട്ടവും ഒരുക്കിയത് പോലീസുകാർ തന്നെയാണ്.

കാട് പിടിച്ചു കിടന്ന സ്ഥലങ്ങൾ വെട്ടി വൃത്തിയാക്കി പൊട്ടിപ്പൊളിഞ്ഞ തൊണ്ടിമുതലുകളായ വാഹനങ്ങൾ വേറൊരു ഭാഗത്തേക്ക് ഒതുക്കിയിട്ടാണ് സ്റ്റേഷൻ കോമ്പൗണ്ടിൽ മനോഹരമായ ഉദ്യാനവും പച്ചക്കറി തോട്ടവും ഒരുക്കിയത്. ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്‍റെയും കൃഷി വകുപ്പിന്‍റെയും സഹകരണത്തോടെയാണ് സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പോലീസ് മെസ്സിലേക്ക് ആവശ്യമായ പച്ചക്കറി ഉല്പാദിക്കുന്നത്.
പോലീസുകാർ തന്നെ സ്വന്തമായി അധ്വാനിച്ചാണ് സ്റ്റേഷൻ കോമ്പൗണ്ട് നല്ലൊരു ഉദ്യാനമാക്കി മാറ്റിയത്.

പദ്ധതി ഉദ്ഘാടനം വെള്ളിയാഴ്ച കാലത്ത് കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡി. ശില്പ ഐ. പി. എസ് നിർവ്വഹിച്ചു. ചടങ്ങിൽ ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ: സി. രാമചന്ദ്രൻ അധ്യക്ഷനായി. വാർഡ് മെമ്പർ മാധവൻ, ബേഡഡുക്ക കൃഷി ഓഫീസർ പ്രവീൺ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻ്റ് അഹമ്മദ് ഷെരീഫ് കുറ്റിക്കോൽ, സാമൂഹ്യ – സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ബേഡകം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, സി.ഐ ടി. ഉത്തംദാസ് ചടങ്ങിന് സ്വാഗതം ആശംസിക്കുകയും, സ്റ്റേഷൻ പരിസരം ഭംഗിയാക്കാൻ പോലീസുമായി സഹകരിച്ച മുഴുവൻ ആളുകൾക്കും നന്ദിയും അറിയിച്ച് സംസാരിച്ചു.

ജില്ലാ പോലീസ് മേധാവിയായി ചുമതല ഏറ്റശേഷം ആദ്യമായി സ്റ്റേഷൻ സന്ദർശിച്ച എസ്പി ഡി. ശില്പയ്ക്ക് ബേഡകം എസ്. ഐ മുരളിധരന്‍റെ നേതൃത്വത്തിൽ വനിതാ പോലീസുദ്യോഗസ്ഥർ ഗാർഡ് ഓഫ് ഓണർ നല്കി സ്വീകരിച്ചു. വൃത്തിയുടെയും മനോഹാരിതയുടെയും കാര്യത്തിൽ ബേഡകം പോലീസ് സ്റ്റേഷൻ ജില്ലയിലെ മറ്റ് സ്റ്റേഷനുകൾക്ക് കൂടി മാതൃകയാക്കാവുന്നതാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡൻ്റ് സൂചിപ്പിച്ചു.

സ്റ്റേഷൻ കോമ്പൗണ്ട് പൊതുജന സൗഹൃദമാക്കാനും ആകർഷണമാക്കാനും അക്ഷീണം പ്രവർത്തിച്ച ബേഡകം സ്റ്റേഷനിലെ എസ്എച്ച് ഒ ഉത്തംദാസിന്‍റെ നേതൃത്വത്തിലുള്ള മുഴുവൻ പോലീസുദ്യോഗസ്ഥരുടെയും ആത്മാർത്ഥതയെ ജില്ലാ പോലീസ് മേധാവി അഭിനന്ദിച്ചു കൊണ്ട് സംസാരിച്ചു. ജില്ലാ പോലീസ് മേധാവിയും പഞ്ചായത്ത് പ്രസിഡൻറും സ്റ്റേഷൻ കോമ്പൗണ്ടിൽ ഫല വൃക്ഷത്തൈകൾ നട്ടു. പോലീസ് അസോസിയേഷൻ ജില്ല കമ്മറ്റിയംഗം ഗോപകുമാർ ചടങ്ങിന് നന്ദി പറഞ്ഞു.

0Shares