ഒരു വീട്ടുവീഴ്‌ചയും ഉണ്ടാവില്ല; ബ്യൂട്ടി പാര്‍ലര്‍ ഉടമയെ ലഹരിക്കേസില്‍ കുടുക്കിയതില്‍ കര്‍ശന നടപടി: മന്ത്രി എം.ബി രാജേഷ്

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing ഒരു വീട്ടുവീഴ്‌ചയും ഉണ്ടാവില്ല; ബ്യൂട്ടി പാര്‍ലര്‍ ഉടമയെ ലഹരിക്കേസില്‍ കുടുക്കിയതില്‍ കര്‍ശന നടപടി: മന്ത്രി എം.ബി രാജേഷ്

കോട്ടയം: ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീയില്‍ നിന്ന് ലഹരി സ്റ്റാമ്പ് പിടിച്ചെടുത്തെന്ന കേസ് കളവാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി എം.ബി രാജേഷ്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചയും ഉണ്ടാവില്ലെന്ന് മന്ത്രി അറിയിച്ചു.

എക്‌സൈസ് പരിശോധനകളെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി ആരെങ്കിലും ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. ഈ സംഭവത്തില്‍ എക്‌സൈസ് വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. ആ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ്, ഇവരെ അറസ്റ്റ് ചെയ്‌ത ഉദ്യോഗസ്ഥനെ ജില്ലക്ക് പുറത്തേക്ക് സ്ഥലംമാറ്റിയത്.

ഇപ്പോള്‍ എക്‌സൈസ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകും. ഒരു തരത്തിലുമുള്ള വിട്ടുവീഴ്‌ചയും അക്കാര്യത്തില്‍ ഉണ്ടാകില്ല- മന്ത്രി പറഞ്ഞു.

ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന, നായരങ്ങാടി സ്വദേശി ഷീല സണ്ണിയെ (51), എല്‍.എസ്.ഡി സ്റ്റാമ്പ് കൈവശം വച്ചെന്ന് കണ്ടെത്തി 72 ദിവസം ജയിലിലടച്ച സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഷീലയുടെ ബാഗില്‍ നിന്ന് എക്‌സൈസ് പിടിച്ചത് എല്‍.എസ്.ഡി സ്റ്റാമ്പ് അല്ലെന്ന രാസപരിശോധനാ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഷീലയുടെ ബ്യൂട്ടി പാര്‍ലറില്‍ ലഹരിമരുന്ന് ഇടപാടുണ്ടെന്ന് അറിയിച്ചയാള്‍ക്കായി എക്‌സൈസ് വകുപ്പ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

0Shares